ന്യൂദല്‍ഹി: വിവര്‍ത്തനത്തിനുള്ള 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തപസ്യ കലാസാഹിത്യ വേദി രക്ഷാധികാരി പ്രൊഫ.സി.ജി. രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിത മാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണ് പുരസ്‌കാരം.
ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പേര്. എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ബോഡോ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഗോപിനാഥ ബ്രഹ്മ, മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന നോവല്‍ തമിഴില്‍ വിവര്‍ത്തനം ചെയ്ത കെ.വി. ജയശ്രീ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
വിവിധ കോളേജുകളില്‍ ഹിന്ദി അധ്യാപകനായി സേവനം അനുഷ്ഠിച്ച രാജഗോപാല്‍ തൃശൂര്‍ ഗവ.ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാളായാണ് വിരമിച്ചത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ സംസ്‌കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായും പ്രവര്‍ത്തിച്ചു.
നാദത്രയം (കവിതാ സമാഹാരം), ഭാരതബൃഹദ് ചരിത്രം (വിവര്‍ത്തനം), ഭാരതീയ സംസ്‌കാരത്തിന് ജൈന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി-ഇംഗ്ലീഷ്-മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് കൃതികള്‍..















