ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം നടക്കുന്ന സമയം തന്നെ രാജ്യ തലസ്ഥാനമായ ദല്‍ഹിയിലുണ്ടായ കലാപം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി. ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ നാണംകെടുത്തുക എന്നതാണ് വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട കലാപത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പോലീസുകാരന് അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സും മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കണമെന്നും അക്രമികളാരെന്ന് പറയാന്‍ തയ്യാറാകണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കിഷന് റെഡ്ഡി പറഞ്ഞു.
കലാപം അനുവദിക്കാനാകില്ല. കഴിഞ്ഞ രണ്ട് മാസമായി ഷഹീന് ബാഗിലെ സമരക്കാര്‍ റോഡ് തടസപ്പെടുത്തുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും ഇതിനെതിരെ എടുത്തില്ല. സമരക്കാര്‍ അതിരുവിടാതിരുന്നാല് അത് സഹിക്കാനാകും. എന്നാല്‍ കലാപങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങിയാല്‍ അത് അനുവദിക്കില്ല. തക്കതായ നടപടി അതിനെതിരെ സ്വീകരിക്കുമെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരേയും വെറുതേ വിടില്ലെന്നും കിഷന് റെഡ്ഡി പറഞ്ഞു.
ഇന്ത്യയെ നാണക്കേടിലാഴ്ത്തുന്ന വിധമുള്ള ദല്‍ഹിയിലെ കലാപത്തിന് പിന്നിലാരാണെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉത്തരം പറയണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: