ശ്ലോകം 107
യത് സുഷുപ്തൗ നിര്‍വ്വിഷയ
ആത്മാനന്ദോളനുഭൂയതേ
ശ്രുതി പ്രത്യക്ഷ മൈതിഹ്യമനുമാനം ച ജാഗ്രതി
നല്ല ഉറക്കത്തില്‍ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും പ്രത്യക്ഷവും ഐതിഹ്യവും അനുമാനവും പ്രമാണങ്ങളാണ്.ഉറക്കത്തില്‍ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം. അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ അറിയാന്‍ കഴിയാത്തത്. ഉറക്കത്തില്‍ എല്ലാ ദുഃഖങ്ങളുടേയും അഭാവമാണ്. ദുഃഖങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ദ്രിയമനോബുദ്ധികളുടെ പ്രവര്‍ത്തനമാണ്.
ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്ക് വളരെ പ്രിയങ്കരമായ കാണലും കേള്‍ക്കലുമൊക്കെ ഉറക്കത്തില്‍ അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളിലുടെ വിഷയ സുഖം അനുഭവിക്കാന്‍ ഉറക്കത്തില്‍ സാധിക്കില്ല.
ഇവയൊന്നും ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.അതിനാല്‍ ദുഃഖങ്ങളുമുണ്ടാകില്ല. വിഷയങ്ങളില്ലെങ്കിലും എല്ലാവരും ഉറക്കത്തില്‍ സുഖത്തെ അനുഭവിക്കുന്നുണ്ട്. വിഷയങ്ങളില്ലാത്ത അസ്ഥയെ നിര്‍വിഷയ ബോധമെന്ന് പറയും. എന്നാല്‍ അപ്പോള്‍ ആത്മബോധമുണ്ടെന്ന് പറയാനാവില്ല. ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍തൃത്വ, ഭോക്തൃത്വ അഭിമാനങ്ങള്‍ ഉറങ്ങുമ്പോള്‍ ഉണ്ടാകില്ല.കാരണ ശരീരം എന്ന പേരില്‍ അറിയപ്പെടുന്ന അവിദ്യയാണ് അപ്പോള്‍. ദുഃഖങ്ങളൊന്നുമില്ലാത്തതിനാല്‍ സുഖമെന്ന് നാം പറയുന്നു. ഉറക്കമെഴുന്നേറ്റ് വന്നയാള്‍ സാധാരണ പറയാറില്ലേ ‘ഒന്നുമറിഞ്ഞില്ല, സുഖമായുറങ്ങി’ എന്ന്.
ഏതു സാഹചര്യത്തില്‍ ഏത് സ്ഥലത്ത് കിടന്നുറങ്ങിയാലും നന്നായി ഉറങ്ങിയ ഏതൊരാളും ഇങ്ങനെ പറയും.പുറമെയുള്ള ഒന്നുമല്ല ആ ഉറക്കത്തെ സുഖകരമാക്കിയത്. ഒന്നിനേയും ആശ്രയിക്കാത്ത,നിരപേക്ഷമായ ആനന്ദമാണ് അതിന് പിന്നില്‍. ശ്രുതി വാക്യങ്ങള്‍ ഇതിന് പ്രമാണമാണ്. നാം ഓരോരുത്തരും പ്രത്യക്ഷമായി അനുഭവിക്കുന്നുമുണ്ട്. നമ്മുടെ പൂര്‍വികര്‍ക്കെല്ലാം ഇത് തന്നെയായിരുന്നു അനുഭവം.ഐതിഹ്യം ഇതിനെ വ്യക്തമാക്കുന്നു. അനുമാനത്തിലൂടെ ഇത് ശരിയെന്ന് ബോധ്യമാവുകയും ചെയ്യും. സുഷുപ്തിയിലെ സുഖം ആത്മാനന്ദത്തിന്റെ വളരെ ചെറിയ കണികയെന്ന് ഈ പ്രമാണങ്ങള്‍ തെളിയിക്കുന്നു. ഉറങ്ങും മുമ്പും ഉണര്‍ന്ന ശേഷവും ദുഃഖമാണ്. എന്നാല്‍ ഉറക്കത്തില്‍ സുഖാവസ്ഥയും. ദുഃഖം ഒട്ടുമില്ല. സുഖം തന്നില്‍ തന്നെയാണ് അല്ലാതെ വിഷയങ്ങളിലോ വസ്തുക്കളിലോ അല്ല എന്ന് ശ്രുതി, പ്രത്യക്ഷ, ഐതിഹ്യ, അനുമാനങ്ങളിലൂടെ വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: