കൊല്ലം: അറിവ് സ്വായത്തമാക്കാനുള്ള കഠിനപ്രയത്നത്തിന്റെ അടയാളമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തില്‍ തന്നെ പരാമര്‍ശിച്ചപ്പോള്‍ പ്രാക്കുളത്തെ വീട്ടിലിരുന്ന് പരിപാടി ശ്രവിച്ച ഭാഗീരഥിയമ്മയുടെ കണ്ണുകളില്‍ ആനന്ദാശ്രു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്കും സാക്ഷരതാമിഷന്‍ പ്രവര്‍ത്തകര്‍ക്കും ആഹ്ലാദം. 105-ാമത്തെ വയസ്സില്‍ ചരിത്രം സൃഷ്ടിച്ചാണ് നാലാം തരം തുല്യതാപരീക്ഷ 75 ശതമാനം മാര്‍ക്കോടെ ഭാഗീരഥിയമ്മ പാസായത്.
ഭാഗീരഥിയമ്മയുടെ കഥ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകുമെന്ന് പറഞ്ഞാണ് മോദി സംഭാഷണം ആരംഭിച്ചത്. ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നെങ്കില്‍ വളരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ആദ്യം വേണ്ടത് മനസ്സിലെ വിദ്യാര്‍ഥിയെ ഒരിക്കലും മരിക്കാന്‍ അനുവദിക്കാതിരിക്കലാണ്. അതിന് പ്രചോദനമാണ് കേരളത്തിലെ കൊല്ലം ജില്ലയിലുള്ള ഭാഗീരഥിയമ്മ. കുട്ടിക്കാലത്ത് തന്നെ അവര്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനെയും നഷ്ടമായി. എന്നാല്‍ അവര്‍ ധൈര്യം കൈവിട്ടില്ല. തീരെ ചെറുപ്പത്തിലെ പലവിധ കാരണങ്ങളാല്‍ അവര്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് പഠനം തുടരുന്നത് 105-ാം വയസ്സിലാണ്. നാലാംതരം തുല്യതാ പരീക്ഷ എഴുതി. 75 ശതമാനം മാര്‍ക്കോടെ വിജയിച്ചു. ഭാഗീരഥിയമ്മയെ പോലുള്ള ആളുകള്‍ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്. പ്രചോദനത്തിന്റെ ഉറവിടമാണ്. ഭാഗീരഥിയമ്മയെ ഞാന്‍ പ്രണമിക്കുന്നുവെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
നാലു പെണ്മക്കളും രണ്ട് ആണ്മക്കളും 16 ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥിയമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: