ആലപ്പുഴ: വേനല്‍ച്ചൂട് ഉയര്‍ന്നത് വിളവിനെ ബാധിക്കുമെന്ന് നെല്‍ക്കര്‍ഷകര്‍ക്ക് ആശങ്ക. പുഞ്ചകൃഷി വിളവെടുപ്പ് അടുക്കുമ്പോള്‍ ചൂടും മണ്ണിലെ മാറ്റങ്ങളും വിളവെടുപ്പിനെ ബാധിക്കും. കഴിഞ്ഞ പുഞ്ചയ്‌ക്ക് ഹെക്ടറിന് ശരാശരി എട്ട് ടണ്ണും ചില പാടങ്ങളില്‍ 10 ടണ്‍ വരെയും നെല്ലുകൊയ്തിരുന്നു. ഇത്തവണ ഹെക്ടറിന് അഞ്ചു മുതല്‍ ആറു ടണ്‍ മാത്രമാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം പുഞ്ചകൃഷിക്ക് ജില്ലയില്‍ 1.94 ലക്ഷം മെട്രിക് ടണ്‍ നെല്ല് ലഭിച്ചു.
മഴ നീണ്ടതോടെ 24,526 ഹെക്ടറില്‍ മാത്രമാണ് പുഞ്ച ഇറക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 ഹെക്ടര്‍ കുറവാണിത്. പ്രളയാനന്തരം മണ്ണിന്റെ ഫലപുഷ്ടി കൂടിയതാണ് കഴിഞ്ഞ പുഞ്ചയ്‌ക്ക് റെക്കൊഡ് വിളവെടുപ്പ് ലഭിക്കാനിടയായത്.
അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ചെറുതന, വീയപുരം ഭാഗങ്ങളിലെ പാടശേഖരങ്ങളില്‍ ലവണാംശം 3.5 മുതല്‍ നാലു വരെ രേഖപ്പെടുത്തി. രണ്ടിന് മുകളില്‍ കൃഷിക്ക് ദോഷകരമാണ്. ഇറിഗേഷന്‍ വകുപ്പ് ഓരുമുട്ടിടുന്നത് വൈകിയതാണ് മേഖലയില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമായത്. താമസിയാതെ കുട്ടനാട്ടിലേക്കും ഉപ്പുവെള്ളമെത്തുമെന്നാണ് കൃഷി വകുപ്പിന്റെ നിഗമനം. കൊയ്‌ത്ത് അടുക്കുന്ന സാഹചര്യത്തില്‍ വെള്ളം കയറ്റിയിറക്കാനുള്ള സംവിധാനം സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഉപ്പിന്റെ അംശം വര്‍ധിച്ചാല്‍ നെല്ല് ഉരുകാനും പതിരാകാനുമുള്ള സാധ്യതയുണ്ട്. വിളവിലും വലിയ കുറവുണ്ടാകും.
പുഞ്ചക്കൊയ്‌ത്ത് ആരംഭിച്ചു. കഴിഞ്ഞ ദിവസം ചിത്തിരക്കായല്‍ പാടശേഖരത്തിലെ കൊയ്‌ത്തിലൂടെയാണ് തുടക്കം കുറിച്ചത്. എടത്വ, തകഴി മേഖലകളിലെ പാടശേഖരങ്ങളിലും വരുന്നയാഴ്ച കൊയ്‌ത്തുണ്ടാകും. ജില്ലയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ 561 പാടശേഖരങ്ങളിലായി 26,661 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കിയത്. 240 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്തിരയില്‍ ഇത്തവണ 190 ഹെക്ടറിലാണ് കൃഷിയിറക്കിയത്. രണ്ടു പതിറ്റാണ്ടായി തരിശായി കിടന്ന കായലില്‍ 2015ലാണ് കൃഷി പുനരാരംഭിച്ചത്. ചിത്തിരയ്‌ക്ക് പുറമേ എച്ച് ബ്ലോക്ക് പഴേപതിനാലായിരം, ഇ ബ്ലോക്ക് ഇരുപത്തിനാലായിരം, ഡി ബ്ലോക്ക് പുത്തനാറായിരം, ജഡ്ജി ആറായിരം തുടങ്ങിയ കായലുകളിലും കൊയ്‌ത്ത് നടത്തും. കഴിഞ്ഞ രണ്ടാം കൃഷിയുടെ നെല്ലുവില പൂര്‍ണമായും ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
















