തിരുവനന്തപുരം: പൈപ്പ് ചോര്‍ച്ചയിലൂടെ കേരള വാട്ടര്‍ അതോറിറ്റിക്ക് ഒരു വര്‍ഷം നഷ്ടം 109.5 കോടി രൂപ. കിഫ്ബി മുഖേനയും അല്ലാതെയും കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ചെലവിടുമ്പോഴാണ് നഷ്ടക്കണക്കുമായി ജലവിഭവ വകുപ്പ് തന്നെ രംഗത്തെത്തിയത്. മിക്കയിടത്തും പൈപ്പ് പൊട്ടല്‍ ഇപ്പോഴും നിത്യസംഭവം. കാലപ്പഴക്കംചെന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് 2016-17 കാലഘട്ടത്തില്‍ കിഫ്ബി മുഖേന തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവൃത്തികള്‍ക്ക് 382.64 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പ്രവൃത്തികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2019-20 കാലത്ത് സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 100 പ്രവൃത്തികള്‍ക്ക് 73.04 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്‍പത് നഗരങ്ങളില്‍ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 1096.77 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 143.59 രൂപയുടേത് കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനാണ്. ഇതും പൂര്‍ത്തിയായിട്ടില്ല. കാലപ്പഴക്കം ചെന്നതും കേടായതുമായ പൈപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്തതു തന്നെയാണ് പൈപ്പ് പൊട്ടലിനു പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ 40-45 ശതമാനം വരുമാനരഹിത ജലമായാണ് കണക്കാക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ അളവും വിതരണശൃംഖല വഴി ഉപഭോക്താവിന്റെ പക്കലെത്തി ഉപയോഗിക്കുന്ന ജലത്തിന്റെ അളവും തമ്മിലുള്ള വ്യത്യാസമാണ് വരുമാനരഹിത ജലമായി കണക്കാക്കുന്നത്. പൈപ്പുകളിലൂടെയും മറ്റുമുള്ള ചോര്‍ച്ച കാരണം യഥാര്‍ത്ഥത്തിലുണ്ടാകുന്ന നഷ്ടം (ഭൗതിക നഷ്ടം) ഒന്നാംഘട്ടം. മീറ്റര്‍ തകരാര്‍, മോഷണം തുടങ്ങിയവയിലൂടെ ജലത്തിന്റെ ശരിയായ ഉപയോഗം തിട്ടപ്പെടുത്താന്‍ കഴിയാത്ത നഷ്ടം (വാണിജ്യ നഷ്ടം) രണ്ടാം ഘട്ടം.
വാട്ടര്‍ അതോറിറ്റി പ്രതിദിനം ഉത്പാദിപ്പിക്കുന്ന മൂവായിരത്തോളം ദശലക്ഷം ലിറ്റര്‍ ജലത്തില്‍ പ്രതിദിനം ബില്ല് ചെയ്യുന്ന അളവ് ആയിരത്തിമുന്നൂറോളം ദശലക്ഷം ലിറ്ററാണെന്നാണ് ജലവകുപ്പ് പറയുന്നു. ആകെയുള്ള വരുമാനരഹിത ജലത്തില്‍ 20-25 ശതമാനം മാത്രമാണ് പൈപ്പ് ചോര്‍ച്ചയിലൂടെ നഷ്ടമാകുന്നതെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന ജലം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നുവെങ്കില്‍ 1000 ലിറ്ററിന് ശരാശരി 10 രൂപ ലഭിക്കുമെന്ന് കണക്കാക്കിയാല്‍ പൈപ്പ് ചോര്‍ച്ചയിലൂടെ മാത്രം അതോറിറ്റിക്ക് വര്‍ഷം ഏകദേശം 109.5 കോടി രൂപ നഷ്ടമാകുന്നുവെന്നാണ് ജലവകുപ്പ് വിലയിരുത്തുന്നത്.















