അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍ എത്തുകയാണ്. ‘നമസ്തേ ട്രംപ്’ എന്ന പേരില്‍ അഹമ്മദാബാദില്‍ വന്‍ വരവേല്‍പ്പാണ് ട്രംപിനും സംഘത്തിനും ഒരുക്കുന്നത്. താജ്മഹല്‍ സന്ദര്‍ക്കുന്ന ട്രംപ് നാളെ ദല്‍ഹിയില്‍ ഔദ്യോഗിക ചര്‍ച്ചകളും നടത്തും. ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. 1959ല്‍ ഐസന്‍ ഹോവറും 69ല്‍ റിച്ചാര്‍ഡ് നിക്സനും 78ല്‍ ജിമ്മി കാര്‍ട്ടറും അവരുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശകരുടെ ഭാഗമായി ദല്‍ഹിയിലും വന്നിരുന്നെങ്കിലും 2000ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ബില്‍ ക്ലിന്റണ് അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദിശമാറ്റിയത്. പിന്നീട് വന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. രണ്ടുതവണ പ്രസിഡന്റായ ബാരക് ഒബാമ രണ്ടുതവണയും ഇവിടെയെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ കന്നി സന്ദര്‍ശനമാണിത്. ഒബാമയെ സ്വീകരിക്കാന്‍ അവസരം കിട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റുമാകും ട്രംപ്.
ട്രംപിന്റെ സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് അമേരിക്കയും ഇന്ത്യയും കാണുന്നത്. സന്ദര്‍ശനത്തിനിടെ നടത്തുന്ന ചര്‍ച്ചകളോ ഒപ്പുവയ്ക്കുന്ന കരാറുകളോ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ശരീരഭാഷപോലും ശ്രദ്ധേയമാകും. വ്യക്തിബന്ധത്തിലും സൗഹൃദത്തിലും നയതന്ത്ര ബന്ധത്തില്‍ എങ്ങനെ സ്വാധീനം ചെലുത്താമെന്ന് നല്ലതുപോലെ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി. ഒരേ സമയം ചൈനീസ് പ്രസിഡന്റിന്റെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും സൗഹൃദം ഒരേ അളവില്‍ നേടാന്‍ കഴിഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി. രാജ്യത്തിന്റെ നിലപാടിലും നിശ്ചയത്തിലും മാറ്റംവരുത്താതെ എല്ലാവരുടെയും പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞ നേതാവ്. മോദിയുമായുള്ള സൗഹൃദം തെളിയിക്കാന്‍ കൂടിയാണ് ട്രംപിന്റെ വരവ് എന്നുപറഞ്ഞാലും അതിശയോക്തിയില്ല.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപിന് രാജകീയ വരവേല്‍പ്പ് ഒരുക്കുന്നതെന്നതും ശ്രദ്ധേയം. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ അമേരിക്ക ചുവന്നപരവതാനി വിരിച്ച് സ്വീകരിച്ചുവെന്നതും ചരിത്രം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കിട്ടാത്ത സ്വീകരണവും സ്വീകാര്യതയുമാണ് അമേരിക്ക മോദിക്ക് നല്‍കിയത്. മോദിയുടെ സമീപനവും ഇടപെടലും അതിന് കാരണമായിട്ടുണ്ട്. പ്രോട്ടോകോള്‍ ലംഘിച്ച് മോദിയെ മ്യൂസിയം കാണിക്കാന്‍ കൊണ്ടുപോയ ബാരക് ഒബാമയും മോദിക്ക് സ്വീകരണം ഒരുക്കിയ വേദിയില്‍ പ്രാസംഗികനായെത്തിയ ഡൊണാള്‍ഡ് ട്രംപും നയതന്ത്ര ചര്‍ച്ചകള്‍ക്കപ്പുറം രാഷ്ട്രത്തലവന്മാര് തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ആഴം വരച്ചിട്ടു. അതിന്റെ തുടര്‍ച്ചയായി വേണം അഹമ്മദാബാദിലെ നമസ്തെ ട്രംപ് പരിപാടിയെ വീക്ഷിക്കാന്‍.
ആയുധ ഇടപാട്, ആണവ കരാര്‍, തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് സൂചന. വ്യാപാര വാണിജ്യ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. വിദേശ സന്ദര്‍ശനങ്ങളിലെല്ലാം രാജ്യത്തിന്റെ വാണിജ്യ വ്യാപാര താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ സമീപനവും സമാനം. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം കിട്ടുന്ന വിഷയങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. ട്രംപിന് ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യവുമുണ്ടാകാം. ഉടനെ വരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ലഭിക്കുകയെന്ന അജണ്ട. ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ ഒരു നിര്‍ണായക ശക്തിയാണെന്ന് തെളിയിച്ചത് നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങളാണ്. അതിനു മുന്‍പ് ഇന്ത്യന്‍ വംശജരെ കാര്യമായി ഗൗനിച്ചിരുന്നില്ല. രാഷ്ട്രീയമായാലും നയതന്ത്രപരമായാലും ഇന്ത്യ സന്ദര്‍ശിക്കുകയെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന് ഇന്ത്യയേക്കാള്‍ പ്രാധാന്യം അവര്ക്കാണെന്നതില് തര്‍ക്കമില്ല. ട്രംപിന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ ഇല്ലാത്ത വിവാദത്തിന് മോദി വിരുദ്ധ മാധ്യമങ്ങള്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. മോദിക്ക് വിസ നിഷേധിച്ചപ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടിയവരാണ് ഈ മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് ചെവികൊടുക്കാതെ നമുക്ക് ട്രംപിന് നമസ്തേ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: