രണ്ട് ശ്ലോകങ്ങളിലായി ആത്മാവിന്റെ മഹത്വത്തെ വിവരിക്കുന്നു.
ശ്ലോകം 106
ആത്മാര്ത്ഥത്വേന ഹി പ്രേയാന്‍ വിഷയോ നസ്വതഃ പ്രിയഃ
സ്വത ഏവ ഹി സര്‍വ്വേഷാം ആത്മാ പ്രിയതമോ യതഃ
തത ആത്മാ സദാനന്ദോ നാസ്യ ദുഃഖം കദാചന
ആത്മാവിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ തന്നെയാണ് വിഷയങ്ങള്‍ പ്രിയമായിരിക്കുന്നത്. അവ സ്വയമായി പ്രിയങ്കരങ്ങളല്ല. അവയില്‍ പ്രിയത്വം കുടികൊള്ളുന്നില്ല. എല്ലാവര്ക്കും ഏറ്റവും പ്രിയമായത് ആത്മാവ് തന്നെയാണ്. അതിനാല്‍ ആത്മാവ് എന്നും ആനന്ദമാണ്. അതിന് ഒരിക്കലും ദുഃഖമില്ല.ആത്മചൈതന്യത്താല്‍ പ്രകാശിക്കുമ്പോഴാണ് വിഷയവസ്തുക്കള്‍ പ്രിയങ്കരങ്ങളാകുന്നത്. ഞാന്‍ ഉള്ള കാലത്തോളം മാത്രമേ വിഷയങ്ങള്‍ പ്രിയപ്പെട്ടവയാകൂ. ഞാന്‍ മരിച്ചാല്‍ പിന്നെ പ്രിയത്വം നിലനില്‍ക്കില്ല. ഒരു വസ്തുവിനും സ്വന്തമായി പ്രിയത്വം ഇല്ലെന്ന് ഇതില്‍ നിന്ന് അറിയണം. ആനന്ദവും സുഖവുമായ ആത്മാവിന്റെ ധര്‍മ്മമാണ് പ്രിയത്വം.ആത്മാവിന്റെ ഈ പ്രിയത്വം കാരണമാണ് ബാഹ്യവിഷയങ്ങള്‍ പ്രിയങ്കരങ്ങളാകുന്നത്. എല്ലാവര്ക്കും ഏറ്റവും പ്രിയപ്പെട്ടത് ആത്മാവ് തന്നെയാണ്.
സ്വന്തം ജീവന് അപകടത്തിലാകും എന്ന് ഉറപ്പുള്ളപ്പോള്‍ ആരും മറ്റുള്ളവരെ രക്ഷിക്കാനായി ആപത്തിലേക്ക് എടുത്തു ചാടില്ല. തനിക്ക് അവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും കഴിയുമെന്ന് കരുതുന്നവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാനാകൂ. കാരണം ഓരോരുത്തരും ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് അവനവനെത്തന്നെയാണ്. ‘ആത്മസ്തുകാമായ സര്‍വം പ്രിയം ഭവതി’ എല്ലാം പ്രിയമാകുന്നത് അവനവന് ആനന്ദമാകുമ്പോഴാണ് എന്ന് യാജ്ഞവല്ക്യന് മൈത്രേയിയ്ക്ക് നല്കുന്ന ഉപദേശമായ ശ്രുതിവാക്യം ഇതിനെ വ്യക്തമാക്കുന്നു.
നമ്മുടെ ആത്മസുഖത്തിനും ആനന്ദത്തിനും വേണ്ടിയാണ് മറ്റുള്ളവരെ സ്റ്റേഹിക്കുന്നതു പോലും. നാം പ്രതീക്ഷിക്കുന്നത് അവരില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ വളരെ അടുത്ത ആളുകളായാല്‍ പോലും അവരോട് ദേഷ്യവും വെറുപ്പുമൊക്കെ തോന്നും.
സുഖം തരുന്നവരെന്ന് കരുതവര് ചിലപ്പോള്‍ കടുത്ത ദു:ഖവും ഉണ്ടാക്കിയേക്കും.എന്നാല്‍ വാസ്തവത്തില്‍ ഇതൊന്നും ആത്മാവിനെ ബാധിക്കുന്നില്ല എന്നതാണ്. ആത്മാവ് എല്ലായ്പ്പോഴും ആനന്ദസ്വരൂപമാണ്. ആ ആനന്ദമുള്ളതുകൊണ്ടാണ് നമുക്ക് വിഷയാനന്ദത്തെ അനുഭവിക്കാന്‍ കഴിയുന്നത്. ചായയും കാപ്പിയും വസ്ത്രവും ആഭരണവുമൊക്കെ നാം ആസ്വദിക്കുമ്പോള്‍ അവയിലാണ് സുഖം എന്ന് തോന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉള്ളിലാണ് സുഖം.
എനിക്ക് ആനന്ദമുണ്ടാകാന്‍ ഞാന്‍ ഇഷ്ട ഭക്ഷണ കഴിക്കുന്നു, ഇഷ്ടമുള്ളത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അവനവന്റെ സുഖത്തിന് സഹായകമല്ലെങ്കില്‍ വിഷയങ്ങള്‍ പ്രിയങ്ങളായിത്തീരില്ല. മനസ്സ് വിഷയ ചിന്തകളാല്‍ കലുഷിതമായാല്‍ ആത്മാനന്ദം അനുഭവിക്കാനാവില്ല. മനസ്സിലെ വിക്ഷേപങ്ങള്‍ ആത്മാവിന്റെ സ്വതവേയുള്ള ആനന്ദത്തെ മറയ്ക്കുന്ന ആവരണം പോലെയാണ്.
ഇഷ്ട വസ്തു കിട്ടുമ്പോള്‍ സുഖം തോന്നുമെങ്കിലും അവയില്‍ സുഖമുണ്ടെന്ന് കരുതുന്നത് അവിവേകം മൂലമാണ്.ആത്മ മഹിമയാലാണ് നാം സുഖമനുഭവിക്കുന്നത്. നമ്മുടെ ഉള്ളിലാണ് സുഖമെന്നറിയാതെ പുറമേ അതന്വേഷിച്ച് ജീവിതം പാഴാക്കി കളയുകയാണ്. ആനന്ദസ്വരൂപമാണ് നാം എന്ന് അറിയുകയും അനുഭവമാകുകയും വേണം. ദുഃഖത്തിന് സ്ഥാനമേയില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: