ന്യൂദല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതവും ശക്തവുമായ ബന്ധത്തിന്റെ തെളിവാണെന്ന് യുഎസ്. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം മുന്‍പും പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎസ് വിദേശകാര്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക, ഊര്‍ജ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട നിരവധി മേഖലകളെ കേന്ദ്രീകരിക്കുന്നതാണ് സന്ദര്‍ശനം. ചരക്ക് സേവന മേഖലകളിലെ വ്യാപാരം 2018ല്‍ 10 ലക്ഷം കോടിയിലേറെയായി വര്‍ധിച്ചു. ഇത് ഇനിയും മുന്നോട്ടുപോകാനുണ്ട്. പ്രത്യേകിച്ചും ഊര്‍ജ്ജ രംഗത്ത്. ഭീകരതക്കെതിരായ പോരാട്ടത്തിന് സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ മേഖലക്കും സന്ദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും.
സമാധാനവും സ്ഥിരതയും പ്രദാനം ചെയ്യാന്‍ സാധിക്കുന്ന ശക്തമായ സൈനിക ശേഷിയുള്ള കരുത്തുള്ള ഇന്ത്യയെയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയാണ് തങ്ങളുടെ ഇന്തോ-പസഫിക് സ്ട്രാറ്റജിയുടെ നട്ടെല്ല്. കമ്പോള സമ്പദ് വ്യവസ്ഥ, സദ്ഭരണം, ശൂന്യകാശത്തും സമുദ്രങ്ങളിലുമുള്ള സ്വാതന്ത്ര്യം, പരമാധികാരത്തിലുള്ള ബഹുമാനം എന്നിവ അടിസ്ഥാനമാക്കി തുറന്നതും സ്വതന്ത്രവുമായ അന്തര്‍ദ്ദേശീയ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വികസനത്തില്‍ ഉള്‍ച്ചേര്‍ക്കുന്നത് സംബന്ധിച്ച് നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. നിയമത്തിന് കീഴില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കുന്നതിനും മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ലോകം ഇന്ത്യയെ വീക്ഷിക്കുന്നുണ്ട്. പ്രധാനപ്പെട്ട നിരവധി വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: