കൊല്ലം: കുളത്തൂപ്പുഴയില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍ പാക്കിസ്ഥാന് നിര്‍മിതമാണോയെന്ന് സംശയം. വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയതാണ് ഈ സംശയത്തിന് കാരണം. പാക് ഒര്‍ഡിനന്‍സ് ഫാക്ടറിയെ ചുരുക്കത്തില്‍ പിഒഎഫ് എന്ന് പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണങ്ങള്‍ക്കായി കേസ് ഭീകര വിരുദ്ധ സ്ക്വാഡിന് കൈമാറി.
ഡിഐജി അനുപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ വിദേശനിര്‍മിതമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറിയത്.
ഇതോടൊപ്പം മിലിട്ടറി ഇന്റലിജെന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലും പരിസരത്തും ഇന്ന് പരിശോധന നടത്തും. സമീപത്തെ വനമേഖലയിലും നിരീക്ഷണം നടത്തും. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
പാക്കിസ്ഥാന് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്നത് പാക് ഓര്‍ഡിനന്‍സ് ഫാക്ടറിയാണ്. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ള 7.62 എംഎം വെടിയുണ്ടകളാണിവ.
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടിയില്‍ നിന്ന് 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഒരു തിര തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും രണ്ടെണ്ണം വേര്‍പെടുത്തിയ നിലയിലുമായിരുന്നു. കുളത്തുപ്പുഴയില്‍നിന്ന് 5 കിലോമീറ്റര്‍ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്ന റോഡരികില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍.
തുടര്‍ന്ന് കുളത്തുപ്പുഴ പോലീസ് ഇവ കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസിലേക്ക് കൈമാറുകയായിരുന്നു. അതേസമയം വെടിയുണ്ടകള്‍ വിദേശനിര്‍മിതമെന്നു ബോധ്യപ്പെട്ടതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: