മനുഷ്യ ബന്ധങ്ങളുടെ കഥ പറഞ്ഞ് കയ്യടി നേടുകയാണ് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ. അച്ഛന് സത്യന് അന്തിക്കാട് മനുഷ്യരുടെ ബാഹ്യജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ മകന് മനുഷ്യ മനസ്സുകളിലേക്ക് യാത്ര ചെയ്യുന്നു. ചെന്നൈയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം മനുഷ്യരുടെ വികാരങ്ങളും ബന്ധങ്ങളുമാണ് ആവിഷ്കരിക്കുന്നത്.
ചെന്നൈയിലെ ഒരു ഫഌറ്റിലെ മൂന്നു കുടുംബങ്ങള്‍. ഒന്നില്‍ അമ്മയും മകളും. മറ്റൊന്നില്‍ ജ്യേഷ്ഠനും അനുജനും. മറ്റൊന്നില്‍ ഏകാന്തനായ ഒരു മുന്‍ സൈനികന്. ഇവരുടെ മനസ്സുകളുടെ കഥപറയുകയാണ് ചിത്രം. ഒരു മാട്രിമോണിയല്‍ സൈറ്റിന്റെ പിന്നാമ്പുറം പറ്റി ആരംഭിക്കുന്ന സിനിമ, കല്യാണമെന്ന വ്യവസായത്തെയും അതിന്റെ കച്ചവടക്കാരെയും നന്നായി പരിഹസിക്കുന്നുണ്ട്. മാട്രിമോണിയലില്‍ ഒരു പെണ്‍കുട്ടി തന്റെ നമ്പര്‍ നല്കിയാലുള്ള ദുരനുഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് പറയുന്നു സിനിമ. ബന്ധങ്ങള്‍ കണ്ടെത്തേണ്ടത് ഇടനിലക്കാരല്ല, തങ്ങള്‍തന്നെയെന്ന് പറഞ്ഞുവയ്ക്കുന്നു സംവിധായകന് അനൂപ് സത്യന്.
മനുഷ്യനിലെ പ്രണയം, ഭയം, ഏകാന്തത, സ്നേഹം എന്നീ വികാരങ്ങള്‍ അഭ്രപാളിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അനൂപിന് പിഴയ്ക്കുന്നില്ല. പരസ്പരം തിരിച്ചറിയാതെ പോകുന്നതാണ് മനുഷ്യരുടെ ഏറ്റവും വലിയ പരാജയമെന്നാണ് ചിത്രത്തിന്റെ സന്ദേശം.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി തിരശ്ശീലയില്‍ തിരിച്ചെത്തുമ്പോള്‍ അവിസ്മരണീയമാകുന്നു നിമിഷങ്ങള്‍. തോക്കെടുക്കാന്‍ മാത്രമല്ല, നര്‍മവും തനിക്കിണങ്ങുമെന്ന് ഈ നടന് മുന്‍പേ തെളിയിച്ചിട്ടുണ്ടെങ്കിലും വരനെ ആവശ്യമുണ്ട് അത് അരക്കിട്ടുറപ്പിക്കുന്നു.
ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന ശോഭന തനിക്ക് മലയാള സിനിമയില്‍ ഇപ്പോഴും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ്. അച്ഛന്റെ നായികയെ മകന് വീണ്ടും തിരശ്ശീലയിലെത്തിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും കൗതുകം പകരുന്നു. മലയാളത്തിലെ അരങ്ങേറ്റം കല്യാണി പ്രിയദര്‍ശനും മനോഹരമാക്കി.
പ്രമേയത്തില്‍ പുതുമകള്‍ ഒന്നുമില്ല, അച്ഛന്റെ വീഞ്ഞ് മകന്റെ കുപ്പിയില്‍ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. താരങ്ങളുടെ പ്രകടനവും സംവിധാനത്തിലെ ചടുലതയും ചിത്രം ഒരു നിമിഷംപോലും വിരസമാകാതെ കൊണ്ടുപോകുന്നു. സന്തോഷത്തോടെ കണ്ടിരിക്കാം ഈ വധൂവരന്മാരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: