തിരുവനന്തപുരം: സ്വാഗത പ്രാസംഗിക പ്രസംഗത്തിനിടയില്‍ കയറി ഇടപെട്ട് ഉദ്ഘാടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടന്ന മലയാളം മിഷന് പ്രതിഭാപുരസ്കാര ചടങ്ങിനിടെയാണ് സംഭവം നടന്നത്.
മലയാള മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്മ 2020 ന് രണ്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെത്തിയത് ഒരു മണിക്കൂര്‍ വൈകിയുമാണ്.
പിണറായി വിജയന് എത്തിയതിന് പിന്നാലെ മലയാള മിഷന് ഡയറക്ടര്‍ പ്രൊഫ. സുജ സൂസന് ജോര്‍ജ്ജ് സ്വാഗത പ്രസംഗം ആരംഭിച്ചു. ഇതോടെ മുഖ്യമന്ത്രി ഇടയ്ക്കുവെച്ച് എണീറ്റ് മൈക്കിനടുത്തേക്ക് പോയി. തിരക്കുണ്ടെന്നും സ്വാഗതം പിന്നെ പറയാമെന്നും അറിയിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുകയായിരുന്നു. മൂന്ന് മണിക്ക് മറ്റൊരു പരിപാടി കൂടിയുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് പിണറായി സ്വാഗത പ്രസംഗത്തിന് ഇടയില്‍ കയറിയത്. രണ്ടര മിനിറ്റോളം പ്രസംഗിച്ച മുഖ്യമന്ത്രി സമ്മാനങ്ങളും വിതരണം ചെയ്ത് വേദി വിട്ടു.
വേദിയും സദസ്സും സ്വാഗത പ്രാസംഗികയേയും അമ്പരപ്പില്‍ ആക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത്തരത്തില്‍ മൈക്ക് കൈയേറിയത്. അതേസമയം മുഖ്യമന്ത്രി ചടങ്ങിനെത്തും വരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന് ഉള്‍പ്പടെയുള്ള വിശിഷ്ട അതിഥികള്‍ ഒരുമണിക്കൂറോളം കാത്തിരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇടയ്ക്ക് കയറി പ്രസംഗിച്ച് വേദിവിട്ടത് അതിഥികളേയും അമ്പരപ്പിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: