ബേക്കല്‍: ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ടക്കച്ചവടമാണെന്നും ടൂറിസം വളര്‍ച്ചയ്‌ക്ക് ഇത് ഗുണകരമല്ലെന്നുമുള്ള വിചിത്ര വാദവുമായി എംഡി തന്നെ രംഗത്ത്. ഇതിനെതിരെ ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ (ബിടിഒ) ശക്തമായ വിമര്‍ശനവുമായാണ് രംഗത്തുവന്നിരിക്കുന്നത്. പാതിവഴിയിലായ റിസോര്‍ട്ടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ബിടിഒ ആവശ്യപ്പെട്ടു. ബിആര്‍ഡിസി എംഡി ടി.കെ മന്‍സൂറാണ് വിവാദ പരാമര്‍ശം നടത്തിയത്. ബേക്കല്‍ ഡെസ്റ്റിനേഷനെ അന്താരാഷ്‌ട്ര ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ നിലവാരമുള്ള റിസോര്‍ട്ടുകളും അടിസ്ഥാന സൗകര്യവും ഉണ്ടാക്കാന്‍ 25 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ബിആര്‍ഡിസിയുടെ റിസോര്‍ട്ടുകള്‍ നഷ്ട കച്ചവടമാണെന്നും ടൂറിസം വളര്‍ച്ചയ്‌ക്ക് ഗുണകരമല്ലെന്നുമുള്ള വാദം എംഡി ഉന്നയിച്ചിരിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക് വേണ്ടി 235 ഏക്കര്‍ ഭൂമി വിട്ട് കൊടുത്ത സ്ഥലവാസികളോടുള്ള കൊടിയ വഞ്ചനയാണ് ഇതെന്നും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ബേക്കലില്‍ ബിആര്‍ഡിസി ലക്ഷ്യമിട്ട ആകെയുള്ള ആറ് റിസോര്‍ട്ട് സൈറ്റുകളില്‍ താജ്, ലളിത് എന്നീ റിസോര്‍ട്ടുകള്‍ മാത്രമേ ഇത് വരെ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. 200 കോടി രൂപയിലധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച ശേഷം വ്യത്യസ്ഥ കാരണങ്ങളാല്‍ നിര്‍മാണം പാതി വഴിയിലായ ചെമ്പരിക്കയിലെ ഹോളിഡേ ഗ്രൂപ്പ്, ചേറ്റുകുണ്ടിലെ ഗ്രീന്‍ ഗേറ്റ്‌വേ, മലാം കുന്നിലെ ഗ്ലോബ് ലിങ്ക് എന്നീ മൂന്ന് റിസോര്‍ട്ടുകള്‍ പൂര്‍ത്തീകരിപ്പിക്കാന്‍ ബിആര്‍ഡിസിയുടെ ഭാഗത്ത് നിന്നും സത്വരമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലയില്‍ മികച്ച നിക്ഷേപം നടത്തി റിസോര്‍ട്ട് നിര്‍മാണം പാതിവഴിയാവര്‍ക്കുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ നീക്കി റിസോര്‍ട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ബിആര്‍ഡിസി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ശരിയായ നിലപാടല്ല. ബിആര്‍ഡിസിക്കു ലഭിക്കേണ്ട ലീസ് തുക യഥാക്രമം പാട്ടത്തിന് സ്ഥലം കൈപറ്റിയവരില്‍ നിന്ന് തന്നെ ഈടാക്കാനും നടപടികള്‍ ഉണ്ടാവണം.
കാസര്‍കോട് ജില്ലയുടെ വികസനക്കുതിപ്പിന് നാന്ദിയാകുവാന്‍ കേരള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത ഭൂമി യാതൊരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് എന്ന കാര്യത്തില്‍ ബിആര്‍ഡിസിക്ക് തിരിച്ചറിവുണ്ടാവണം. റിസോര്‍ട്ടുകളുടെ കാലം കഴിഞ്ഞു എന്ന രിതിയിലുള്ള ബിആര്‍ഡിസിയുടെ നിലപാട് സര്‍ക്കാര്‍ നയത്തിന് ഘടക വിരുദ്ധമാണ്. പാതി വഴിയിലായ റിസോര്‍ട്ടുകള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ ജില്ലയില്‍ 600 നക്ഷത്ര റിസോര്‍ട്ട് മുറികളാണ് യാഥാര്‍ത്ഥ്യമാവുക. അത് ബേക്കലിനെ കല്യാണം, സമ്മേളനങ്ങള്‍ തുടങ്ങിയ ഒത്തു കൂടലിന്റെ പ്രിയപ്പെട്ട വേദിയാക്കി മാറ്റും.
പാതി വഴിയിലായ റിസോര്‍ട്ടുകളുടെ സാക്ഷാത്കാരം വൈകുന്നതു മൂലം സര്‍ക്കാറിന് ലഭിക്കേണ്ട നികുതികള്‍ കൂടാതെ, തദ്ദേശീയര്‍ക്ക് ലഭിക്കേണ്ട പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങള്‍, മറ്റു ചെറുകിട കച്ചവടങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മികച്ച വിപണന സാദ്ധ്യതകളും നഷ്ടപ്പെടുകയാണ്. പ്രവാസികളടക്കമുള്ള തദ്ദേശീയര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമായിരുന്ന ബിആര്‍ഡിസിയുടെ ബേക്കല്‍ ടൂറിസം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കുമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിന് ജനങ്ങളോട് ബിആര്‍ഡിസി എംഡി കണക്ക് പറയേണ്ടി വരും. കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് ബിആര്‍ഡിസി എംഡി ടി.കെ മന്‍സൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിആര്‍ഡിസിയുടെ സ്ഥാപിത ലക്ഷ്യമായ ബീച്ച് റിസോര്‍ട്ട് രംഗത്ത് തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കരുതെന്നും തങ്ങളുടെ ഉത്തരവാദിത്വമായ ടൂറിസ്റ്റുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുക എന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ബിടിഒ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: