ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ആസ്തി ഗ്രാമത്തിലെ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം യുവാവ്. ദിവാന് ഷെരീഫ് റഹിമാന്‍ സാബ് മുല്ല (33) ആണ് മുരുകരാജേന്ദ്ര കോരനേശ്വര ശാന്തിധാമ മഠത്തിന്റെ ആചാര്യനാകുന്നത്. ഫെബ്രുവരി 26നാണ് സ്ഥാനമേല്‍ക്കല്‍.
350 വര്‍ഷം പഴക്കമുള്ള കലബുറഗി കാജൂരി വില്ലേജിലെ കോരനേശ്വര മഠത്തിന്റെ ശാഖയായി മൂന്നുവര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് ഈ മഠം. ചിത്രദുര്‍ഗ ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര 361 മഠങ്ങളില്‍ ഒന്നാണിത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി ലക്ഷക്കണക്കിന് അനുയായികളാണ് മുരുകരാജേന്ദ്ര മഠത്തിനുള്ളത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന ബസവേശ്വരന്റെ വചനങ്ങളില്‍ ഷെരീഫിന്റെ അച്ഛന് റഹിമാന്‍ സാബ് ആകൃഷ്ടനായിരുന്നു. അതിനാല്‍ ചെറുപ്പം മുതല്‍ തന്നെ ബസവേശ്വര വചനങ്ങള്‍ കേട്ടാണ് ഷെരീഫ് വളര്‍ന്നത്.
ഷെരീഫിന്റെ അച്ഛന് റഹിമാന്‍ സാബ് വളരെ നേരത്തെ തന്നെ ബസവേശ്വര അനുയായിയായിരുന്നു. റഹിമാന്‍ നേരത്തെ മുരുകരാജേന്ദ്ര ശിവയോഗി മഠത്തില്‍ നിന്ന് ദീക്ഷ സ്വീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം മഠത്തിനു കുടുംബം ദാനം നല്കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച മഠത്തിന്റെ ആചാര്യനായാണ് ഷെരീഫ് എത്തുന്നത്. വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് ഷെരീഫ്. സമീപ വില്ലേജില്‍ റൈസ് മില്‍ നടത്തിവരികയായിരുന്നു. ജോലിയുടെ ഇടവേളകളില്‍ ബസവേശ്വര വചനങ്ങള്‍ ഷെരീഫ് പ്രഭാഷണം നടത്തിയിരുന്നു.
ഇതറിഞ്ഞ ഖജൂരി ആശ്രമ മഠാധിപതി മുരുകരാജേന്ദ്ര കോരനേശ്വര് ശിവയോഗി ആശ്രമത്തിലേക്ക് ഷെരീഫിനെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ശിവയോഗിയില്‍ നിന്ന് ബസവേശ്വര ആചാരനങ്ങളെ കുറിച്ചും മഠത്തെ കുറിച്ചും ഷെരീഫ് പഠിക്കുന്നു.
മുരുകരാജേന്ദ്ര കോരനേശ്വര ശിവയോഗിയില്‍ നിന്ന് 2019 നവംബര്‍ 19ന് ഷെരീഫ് ദീക്ഷ സ്വീകരിച്ചു. വിവാഹിതരായവര്‍ ലിംഗായത്ത് മഠാധിപതിയാകുന്നത് അസാധാരണമാണെങ്കിലും ഷെരീഫിനെ മഠാധിപതിയാക്കുകയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ബസവേശ്വര വചനങ്ങളില്‍ താന്‍ ആകൃഷ്ടനായിരുന്നുവെന്നും ബസവേശ്വരന് കാണിച്ചു തന്നെ പാതയിലൂടെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഷെരീഫ് പറഞ്ഞു. ഷെരീഫിനെ മഠാധിപതിയാക്കിയതില് വലിയ സന്തോഷത്തിലാണ് ഗ്രാമത്തിലെ ബസവേശ്വര അനുയായികള്‍. 26ന് സ്ഥാനമേല്‍ക്കല്‍ ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: