ലഖ്നൗ: അയോധ്യയില്‍ മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഭൂമിയാണ് സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരമാണ് സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു. 2019 നവംബര്‍ 17ന് ചേര്‍ന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് അറിയിച്ചത്. സുപ്രീംകോടതിയില്‍ നിന്നും നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം.
മുസ്ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.
2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യകേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലക്ക് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി. കൂടാതെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റ് രൂപികരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപനവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: