തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ സംഗീതപരിപാടി സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആഷിഖ് അബുവും സംഘവും. കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കില്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ ഭയന്ന് റെക്കോഡ് വീഡിയോയുമായാണ് സംഘം രംഗത്തെത്തിത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘത്തിന്റെ വിശദീകരണം. കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ( കെഎംഎഫ്) പ്രസിഡന്റ് ബിജിബാല്‍, സെക്രട്ടറി ഷഹബാസ് അമന്, ജോയിന്റ് സെക്രട്ടറിമാരായ ആഷിക് അബു, സിതാര കൃഷ്ണകുമാര്‍, ട്രെഷറര്‍ മധു സി നാരായണന്, ശ്യാം പുഷ്കരന് തുടങ്ങിയവരാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
4000 ടിക്കറ്റുകള്‍ വിറ്റതില്‍ 3000ത്തിലധികവും സൗജന്യമായാണ് നല്‍കിയതെന്ന് സംഘം വിശദീകരിക്കുന്നു. ടിക്കറ്റ് കളക്റ്റര്‍, ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷനുകള്‍ വഴിയായി ആണ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റത്. അഞ്ഞൂറ്, ആയിരത്തി അഞ്ഞൂറ്, രണ്ടായിരത്തി അഞ്ഞൂറ്, അയ്യായിരം രൂപയുടെ ടിക്കറ്റുകളായിരുന്നു ഫൗണ്ടേഷന് വില്ക്കാന് തീരുമാനിച്ചിരുന്നത്. ഇതെല്ലാം കൂടി 908 ടിക്കറ്റുകളാണ് വിറ്റത്. അതില്‍ നിന്നുള്ള വരുമാനം ഏഴ് ലക്ഷത്തി മുപ്പത്ത് അയ്യായിരത്തി അഞ്ഞൂറ് രൂപയാണ്. കൂടാതെ പരിപാടിയുടെ അന്ന് വൈകുന്നേരം കൗണ്ടറുകള്‍ വഴിയായി ടിക്കറ്റുകള്‍ വിറ്റവഴിയായി മുപ്പത്തി ഒന്‍പതിനായിരം രൂപയാണ്.
ടിക്കറ്റുകള്‍ വിറ്റത് വഴിയായി മൊത്തത്തില്‍ ലഭിച്ചത് ഏഴ് ലക്ഷത്തി എഴുപത്തി നാലായിരത്തി അഞ്ഞൂറ് രൂപയാണ്. അതില്‍ നിന്ന് 18 ശതമാനം ജിഎസ്ടി, പ്രളയ സെസ് ഒരു ശതമാനം, ബാങ്ക് ചാര്‍ജ് രണ്ട് ശതമാനം ഇവയെല്ലാം കുറവ് വരുത്തിയ ശേഷം ആറ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ് രൂപ ലഭിച്ചു. ഇത് റൗണ്ട് ചെയ്താണ് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടര്‍ രക്ഷാധികാരിയായിരുന്നില്ലെന്നു സംഘം വ്യക്തമാക്കി. ഞങ്ങളുടെ പരിചയക്കുറവ് മൂലം ഉണ്ടായ തെറ്റാണത്. ജില്ലാ കളക്ടര്‍ രക്ഷാധികാരിയല്ല. അതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. കളക്ടറോട് നേരിട്ട് ക്ഷമാപണം നടത്തിയിട്ടുണ്ട്. സംഘടനാ പാടവത്തിലെ കുറവ് കൊണ്ട് സംഭവിച്ചതാണിതെന്നും വിശദീകരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് എന്ന പേരില്ല പ്രോഗ്രാം നടത്തിയത്. കെഎംഎഫിന്റെ അനൗണ്‍സ്മെന്റ് പ്രോഗ്രാമായിരുന്നു. അതേസമയം ഇത് ഫണ്ട് റെയ്സിംഗ് പ്രോഗ്രാം ആണെന്ന് പറയുന്നതില്‍ തെറ്റുമില്ല. കാരണം ടിക്കറ്റ് വരുമാനമായി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് മഹത്വമുള്ള പ്രോഗ്രാമായിരുന്നു കരുണ. പരിപാടി കലാകാരന്മാര് എന്ന നിലയില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ സാമ്പത്തികമായി പരാജയവുമായിരുന്നു.
കരുണ നടത്താനുള്ള വേദിയായി ബോള്‍ഗാട്ടി പാലസിന്റെ ഗ്രൗണ്ടാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കാലാവസ്ഥാ പ്രശ്നങ്ങള്‍ കൊണ്ട് മേല്‍ക്കൂരയുള്ള ഒരു വേദി അന്വേഷിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതിനായി സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹിയായ ജില്ലാ കളക്ടറെ സമീപിച്ചു. കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതിന് മറുപടിയായി ഒന്നര ലക്ഷം രൂപ വാടകയും ജിഎസ്ടിയും മറ്റ് ചെലവുകളും അടക്കം നല്‍കണമെന്ന് മറുപടി നല്കി.എന്നാല്‍ ഇത്രയും വാടക കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ പരിപാടിക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വിവരം അവരെ ബോധ്യപ്പെടുത്തുകയും കലാകാരന്മാര് എല്ലാം ഫ്രീയായി ആണ് പങ്കെടുക്കുന്നതെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വാടക ഇനത്തിലുള്ള ഒന്നര ലക്ഷം രൂപ ഒഴിവാക്കി. അതേസമയം മറ്റ് ചെലവുകള്‍ കെഎംഎഫ് വഹിക്കുകയും ചെയ്തെന്നുമാണ് സംഘത്തിന്റെ വിശദീകരണം.
വിഷയത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി സംഘം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: