സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി.ടെറ്റ്) ജൂലൈ 5 ന് ദേശീയതലത്തില്‍ നടത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, തെലുങ്ക് ഉള്‍പ്പെടെ ഇരുപത് ഭാഷകളിലാണ് പരീക്ഷ. ഏതെങ്കിലും രണ്ട് ഭാഷകള്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം. സിബിഎസ്ഇ ആണ് പരീക്ഷ നടത്തുന്നത്.
കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സെന്‍ട്രല്‍ തിബറ്റന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അദ്ധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷയാണിത്.
സി-ടെറ്റിന് രണ്ട് പേപ്പറുകളുണ്ട്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യതനേടുന്നതിന് പേപ്പര്‍ ഒന്നും ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തില്‍ യോഗ്യത നേടുന്നതിന് പേപ്പര്‍ രണ്ടും അഭിമുഖീകരിക്കണം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ഓരോ പേപ്പറിനും രണ്ടര മണിക്കൂര്‍ വീതം സമയം അനുവദിക്കും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കില്ല. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കില്ല. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായാണ് പരീക്ഷ. ഒരാള്‍ക്ക് അര്‍ഹതയുള്ള പക്ഷം രണ്ട് പേപ്പറും അഭിമുഖീകരിക്കാം.
യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45/50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ച് രണ്ട് വര്‍ഷത്തെ എലിമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമ/ബിഎല്‍എഡ്/സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും ബിഎഡും അല്ലെങ്കില്‍ ബിരുദവും എലിമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ വിജയിച്ച് നാലുവര്‍ഷത്തെ ബിഎ/ബിഎസ്സി-ഏഡ്/ബിഎ എഡ്/ബിഎസ്സി എഡ് ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. വിശദമായ യോഗ്യത, മാനദണ്ഡങ്ങളും പരീക്ഷാ സിലബസും അടങ്ങിയ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.ctet.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് ഒറ്റ പേപ്പറിന് 1000 രൂപ. രണ്ട് പേപ്പറുകള്‍ക്കും കൂടി 1200 രൂപ. എസ്സി/എസ്ടി/പിബ്ല്യുഡി വിഭാഗങ്ങള്‍ക്ക് യഥാക്രമം 500 രൂപ, 600 രൂപ വീതം മതി. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 24 നകം ംംം.രലേ.േിശര.ശി ല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സമര്‍പ്പിക്കേണ്ടതാണ്. ‘സിടെറ്റ്’ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് ഏഴുവര്‍ഷത്തെ പ്രാബല്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: