Categories: Kannur

വീഡിയോയും സംഭാഷണവും പുറത്ത്; പൊയിലൂര്‍ മടപ്പുര കവര്‍ച്ച സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

Published by

പൊയിലൂര്‍: പൊയിലൂര്‍ മടപ്പുര ഭണ്ഡാര കവര്‍ച്ചയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒകെ. വാസു അടക്കമുളള സിപിഎം നേതാക്കളാണ് മുഖ്യ ആസൂത്രകരെന്ന് സിപിഎം പ്രവര്‍ത്തകനും കേസില്‍ മുഖ്യപ്രതിയുമായ നെട്ടൂര്‍ വലിയത്ത് സുമേഷി (31) ന്റെ വെളിപ്പെടുത്തല്‍. സുമേഷിന്റേതായി ഓഡിയോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.  

ആറ് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കി എന്നാണ് സുമേഷ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഡ്വക്കേറ്റ് മുഖാന്തിരം ഹാജരായ സുമേഷ് റിമാന്റിലാണ്. കേസില്‍ വലയിലാകുമെന്നുറപ്പായതോടെ ഒ.കെ വാസുവിനെയും സിപിഎം നേതാക്കളേയും ബന്ധപ്പെട്ടെങ്കിലും ഇവര്‍ കൈവിടുകയായിരുന്നുവെന്നും പ്രതിയുടേതായ വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകളിലുണ്ട്. അറസ്റ്റിലായവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കവര്‍ച്ചക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്നും ഒ.കെ. വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സുമേഷ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ-ഓഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്ക് പൊയിലൂര്‍ മടപ്പുരയെ എത്തിക്കാന്‍ ഒ.കെ.വാസുവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നടത്തിയ ഗൂഡാലോചനയാണ് കവര്‍ച്ച എന്നതാണ് പുറത്തു വരുന്നത്. പുറത്തുവന്ന തെളിവുകള്‍ പ്രകാരം ഒ.കെ. വാസുവും കൂട്ടരും പ്രതിസ്ഥാനത്താണ്. ദേവസ്വം ബോര്‍ഡും പാനോളി തറവാടുകാരും തമ്മില്‍ നടക്കുന്ന കേസില്‍ അനുകൂല വിധിക്കായാണ് കവര്‍ച്ചയ്‌ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. റിമാന്റിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായാല്‍ ആസൂത്രകരും കേസില്‍ ഉള്‍പ്പെടും. നേരത്തെ അറസ്റ്റിലായ വിപിന്‍, ദിനേശന്‍ എന്നിവരും റിമാന്റിലാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് നീക്കം.  

ജനുവരി 19ന് പുലര്‍ച്ചെയാണ് മടപ്പുര ഭണ്ഡാരവും സമീപത്തെ മഹാദേവക്ഷേത്ര ഭണ്ഡാരവും കവര്‍ച്ച ചെയ്യപ്പെട്ടത്. സിപിഎം നേതൃത്വം നടപ്പിലാക്കിയ ഓപ്പറേഷനാണ് പൊയിലൂര്‍ മടപ്പുര കവര്‍ച്ചയെന്ന കാര്യം അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേസന്വേഷണം ആസൂത്രകരിലേക്ക് പോയില്ലെങ്കില്‍ അടുത്തദിവസം തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കുമെന്ന് ഭക്തജനങ്ങളുടെ കൂട്ടായ്മയായ ശ്രീ മുത്തപ്പന്‍ സേവാസമിതി അംഗങ്ങള്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by