കടുത്ത വേനലിന്റെ നാളുകളാണ് കടന്നുപോകുന്നത്. തീയുമായുള്ള ഓരോ പ്രവര്‍ത്തനത്തിലും അതീവജാഗ്രത പാലിക്കേണ്ട സമയമാണിത്. പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്ന പ്രവണതയുണ്ട്. ഒരു തീപ്പൊരി മതി, ഏക്കറുകളോളമുള്ള വനങ്ങളും ജൈവ വൈവിദ്ധ്യവും മരങ്ങളുമെല്ലാം കത്തി ചാരമാകാന്‍. എന്നാല്‍, ഇപ്പോഴെന്നല്ല ഒരിക്കലും ചപ്പ് ചവറുകളും കരിയിലകളും കത്തിക്കരുത്. നമുക്ക് മഴയില്ല, കുടിവെള്ളമില്ല. കിണറുകള്‍ വറ്റുന്നു, ചൂട് കൂടുന്നു. പുല്ലുകളും സസ്യലതാദികളും കരിഞ്ഞുണങ്ങുന്നു. കൂടാതെ മണ്ണിലെ സൂക്ഷ്മ ജീവികളെല്ലാം നശിക്കുന്നു.
ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം നാം ശ്രദ്ധിക്കാറില്ല. ഭൂമിക്കുമേല്‍ പ്രകൃതി തീര്‍ത്ത ജൈവാവരണമാണ്, ഇവയെല്ലാം. ഈ ജൈവാവരണങ്ങള് വേനലില്‍ മണ്ണ് ഉണങ്ങാതെ സംരക്ഷിക്കുന്നു. ഭൂമിയിലെ നനവ് നിലനിര്‍ത്തുന്നു. മണ്ണിലെ അസംഖ്യം ജീവികളെ സംരക്ഷിക്കുന്നു. അന്തരീക്ഷത്തിലേക്ക് പൊടിപടലം പടര്‍ന്നു കയറാതെ നോക്കുന്നു. കന്നി മഴക്ക് കിട്ടുന്ന ജലത്തെ, ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയുടെ ദാഹമകറ്റുന്നു. കിണറുകള്‍ വീണ്ടും നിറയുന്നു. മണ്ണിനെ തണുപ്പിക്കുന്നു. വൃക്ഷ വേരുകള്‍ക്ക് വെള്ളം ലഭ്യമാക്കുന്നു.
ചപ്പുചവറുകള്‍ക്ക് തീയിട്ടാല്‍, മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിയുകയും ഭൂമി ചൂടാവുകയും ചെയ്യുന്നു. അതോടെ ഈര്പ്പമില്ലാതാകുന്നു. തോട്ടങ്ങളില്‍ കൃഷിക്കും ചെടികള്‍ക്കും അമിതമായി വെള്ളം ഒഴിക്കേണ്ടിവരും. ജലാശയങ്ങളിലെ വെള്ളം വറ്റും. ജലലഭ്യത കുറയും. കുടിക്കാനില്ലാതെ, നനയ്ക്കാനാവാതെ ജീവിതം ദുസ്സഹമാവുകയും കൃഷി നശിക്കുകയും ചെയ്യുന്നു.
ഒരു ചെടി ശേഖരിക്കുന്ന ഊര്‍ജ്ജത്തിന്റെ വെറും 2% മാത്രമാണ്, കത്തിച്ച് ചാരമാക്കിയാല്‍ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവികമായി വീണടിയുകയാണെങ്കില്‍ 100% ഊര്‍ജ്ജവും ഭൂമിയിലേക്ക് എത്തും. മാത്രമല്ല, അവ കത്തിക്കുമ്പോള്‍ ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങളും അവ പുറത്തു വിടുന്ന താപവും പ്രകൃതിയെ മലിനീകരിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: