ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിന് തെരഞ്ഞെടുക്കാവുന്ന മാനേജ്മെന്റ് പിജി പ്രോഗ്രാമുകള്‍ നിരവധിയുണ്ടെങ്കിലും മികച്ച തൊഴിലുറപ്പാക്കാന്‍ പര്യാപ്തമായ മാനേജ്മെന്റ് സ്പെഷ്യലൈസേഷനുകള്‍ കുറവാണ്. മാനേജ്മെന്റ് അഭിരുചി/പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയ സമര്‍ത്ഥരായ ബിരുദധാരികള്‍ക്ക് അഡ്മിഷന് തേടാവുന്നതും ഏറെ തൊഴില്‍ സാധ്യതകളുള്ളതുമായ മാനേജ്മെന്റ് പ്രൊഫഷണല്‍ പിജി ഡിപ്ലോമാ കോഴ്സുകളില്‍ ചിലതാണ് ഫോറസ്ട്രി മാനേജ്മെന്റ്, ഇന്‍ഷ്വറന്‍സ് മാനേജ്മെന്റ്, ഫിനാന്‍സ് മാനേജ്മെന്റ്, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് മാനേജ്മെന്റ്, മാനുഫാക്ടറിങ് മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവ. പ്രമുഖ സ്ഥാപനങ്ങള്‍ പഠനാവസരമൊരുക്കുന്ന ഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ. സമഗ്ര വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും അതത് സ്ഥാപനങ്ങളുടെ വെബ് പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
ഫോറസ്ട്രി മാനേജ്മെന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്, ഭോപ്പാല്‍ ഇക്കൊല്ലം നടത്തുന്ന ഫോറസ്ട്രി മാനേജ്മെന്റ് (പിജിഡിഎഫ്എം), സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് (പിജിഡിഎസ്എം) ദ്വിവത്സര റസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/വിഭാഗക്കാര്‍ക്ക് 500 രൂപ. യോഗ്യത- 50% മാര്‍ക്കില്‍ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45%) /തത്തുല്യ സിജിപിഎയില്‍ കുറയാതെ നേടിയ ബിരുദവും ഐഐഎം-ക്യാറ്റ് -2019/എക്സാറ്റ് 2020 സ്കോറും. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ചുരുക്കപ്പട്ടിക തയ്യാറാക്കി റിട്ടണ്‍ ആപ്ടിറ്റിയൂഡ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും. കൊച്ചി, ബെംഗളൂരു, ന്യൂദല്‍ഹി, ഭോപ്പാല്‍, കൊല്‍ക്കത്ത പരീക്ഷാ കേന്ദ്രങ്ങളാണ്. മാര്‍ച്ച്/ഏപ്രില്‍ മാസത്തിലാണ് ടെസ്റ്റും അഭിമുഖവും.
പിജിഡിഎഫ്എം പ്രോഗ്രാമിന് 150, പിജിഡിഎസ്എം ന് 50 സീറ്റുകള്‍ ലഭ്യമാണ്. മൊത്തം കോഴ്സ് ഫീസ് 624000 രൂപ. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 374400 രൂപ. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാമ്പസ് പ്ലേസ്മെന്റ് സഹായം ലഭിക്കും. പിജിഡിഎഫ്എം ന് നൂറ് മേനി പ്ലേസ്മെന്റ് ട്രാക്ക് റെക്കാര്ഡാണുള്ളത്. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iifm.ac.in/admission സന്ദര്‍ശിക്കുക.
ഇന്‍ഷ്വറന്‍സ് മാനേജ്മെന്റ്
പൂനെയിലെ നാഷണല്‍ ഇന്‍ഷ്വറന്‍സ് അക്കാദമി നടത്തുന്ന രണ്ട് വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് മാനേജ്മെന്റ് പിജി ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 15 നകം സമര്‍പ്പിക്കാം. പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സംയുക്താഭിമുഖ്യത്തിലുള്ള മികച്ച സ്ഥാപനമാണിത്. ലൈഫ് ഇന്‍ഷ്വറന്‍സ്, ജനറല്‍ ഇന്‍ഷ്വറന്‍സ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, പെന്ഷന്, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, ആക്ച്യൂറിയല് സയന്‍സ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. 80 സീറ്റുകളുണ്ട്. കോഴ്സ് ഫീസ് പന്ത്രണ്ടരലക്ഷം രൂപ. യോഗ്യത-55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദവും ഐഐഎം-ക്യാറ്റ് 2019/സിമാറ്റ് 2020 സ്കോറും. പ്രായപരിധി 28 വയസ്സ്. എസ്സി/എസ്ടി/പഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 30 വയസ്സ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1200 രൂപ. അപേക്ഷ www.pgdm.niapune.org.in/admissions ല്‍ സമര്‍പ്പിക്കണം. നിര്‍ദ്ദേശങ്ങള്‍ വെബ്പോര്‍ട്ടലിലുണ്ട്.
ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ച, റൈറ്റിങ് എബിലിറ്റി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം 9 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് ബാങ്കില്‍നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കും.
നാളിതുവരെ ബാച്ചുകളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മുഴുവന്‍ പേര്‍ക്കും ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിച്ചതായി ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pgdm.niapune.org.in/admissions സന്ദര്‍ശിക്കാം.
ഫിനാന്‍സ് മാനേജ്മെന്റ്
ഫരീദാബാദിലെ (ഹരിയാന) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് ജൂലൈയില്‍ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ മാര്‍ച്ച് 6 നകം സമര്‍പ്പിക്കാം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്കീഴിലാണ് ഈ സ്ഥാപനം. യോഗ്യത-ബിരുദവും (50% മാര്‍ക്കില്‍ കുറയരുത്) പ്രാബല്യത്തിലുള്ള ഐഐഎംക്യാറ്റ്/സിമാറ്റ്/എക്സാറ്റ്/അറ്റ്മ/മാറ്റ്/ജിമാറ്റ് സ്കോറും. പ്രായപരിധി 30 വയസ്. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷാ ഫോറവും അഡ്മിഷന് ബ്രോഷ്യറും www.nifm.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് അക്കൗണ്ട്സ് ഓഫീസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് ന്യൂദല്‍ഹി അല്ലെങ്കില്‍ ഫരീദാബാദില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് അയയ്ക്കാം. വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, സെക്ടര്‍-48, പാലിറോഡ്, ഫരീദാബാദ്, 121001, ഹരിയാന. തപാല്‍ വഴി ഫെബ്രുവരി 28 വരെ അപേക്ഷ സ്വീകരിക്കും
ചുരുക്കപ്പട്ടിക തയ്യാറാക്കി മാര്‍ച്ച് 16 ന് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. ട്യൂഷന്, ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ 10 ലക്ഷം രൂപയാണ് രണ്ടുവര്‍ഷത്തെ കോഴ്സ് ഫീസ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കുകള്‍, മ്യൂച്ച്വല്‍ ഫണ്ട്, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ മുതലായവയില്‍ മാനേജീരിയില്‍ തസ്തികയില്‍ ജോലി ലഭിക്കും.
സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് മാനേജ്മെന്റ്
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ്, റെയ്ഗഡ്, മഹാരാഷ്ട്ര ജൂണില്‍ ആരംഭിക്കുന്ന സെക്യൂരിറ്റീസ് മാനേജ്മെന്റ് പിജി ഡിപ്ലോമ പ്രവേശനത്തിന് ഏപ്രില്‍ 20 നകം അപേക്ഷിക്കണം. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി)കീഴിലുള്ള സ്ഥാപനമാണിത്. രണ്ടുവര്‍ഷത്തെ ഈ ഫുള്‍ടൈം കോഴ്സിനു ട്യൂഷന് ഫീസ്, ഹോസ്റ്റല്‍, മെസ് ചാര്‍ജ് ഉള്‍പ്പെടെ 8,14300 രൂപ ചെലവ് വരും. അക്കാദമിക് മികവുള്ള സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്കും എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫസ്റ്റ് ക്ലാസ് ബിരുദവും 75 പെര്‍സെന്റൈലിന് മുകളില്‍ ക്യാറ്റ്/എക്സാറ്റ്/ജിമാറ്റ് സ്കോറുമുള്ളവര്‍ക്ക് 5 ലക്ഷത്തോളം വരുന്ന ട്യൂഷന് ഫീസില്‍ 50% ഇളവ് ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ബാങ്ക് വഴി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതാണ്.
യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ നേടി ബിരുദവും ക്യാറ്റ്/എക്സാറ്റ്/സിമാറ്റ്/അറ്റ്മ/മാറ്റ്/ജിമാറ്റ് സ്കോറും. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷ ഓണ്‍ലൈനായി www.nism.ac.in  സമര്‍പ്പിക്കാം. മേയ് ഒന്നിന് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തിയാണ് സെലക്ഷന്. ആദ്യ മെരിറ്റ് ലിസ്റ്റ് മേയ് 20 നും സെക്കന്റ് മെരിറ്റ് ലിസ്റ്റ് ജൂണ്‍ ഒന്നിനും പ്രസിദ്ധപ്പെടുത്തും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഹരി നിക്ഷേപരംഗത്തും മറ്റും കണ്സള്ട്ടന്റൊയും സെക്യൂരിറ്റീസ് മാര്‍ക്കറ്റിങ് മാനേജരായുമൊക്കെ ജോലി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https//nism.ac.in സന്ദര്‍ശിക്കുക.
മാനുഫാക്ചറിങ്/പ്രൊജക്ട് മാനേജ്മെന്റ്
മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ജൂണിലാരംഭിക്കുന്ന രണ്ട് വര്‍ഷത്തെ ഫുള്‍ടൈം മാനുഫാക്ചറിങ് മാനേജ്മെന്റ് (പിജിഡിഎംഎം) പ്രോജക്ട് മാനേജ്മെന്റ് (പിജിഡിപിഎം)പിജി ഡിപ്ലോമാ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ ഒന്ന് വരെ സമര്‍പ്പിക്കാം. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. യോഗ്യത- മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടിയ ബിഇ/ബിടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും. അവസാന വര്‍ഷ എന്‍ജിനീയറിങ് ഡിഗ്രി വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 55% മാര്‍ക്ക് മതിയാകും. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 500 രൂപ മതി. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.nitie.edu സന്ദര്‍ശിക്കാം. ഗേറ്റ് സ്കോര്‍ പരിഗണിച്ച് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തിയാണ് സെലക്ഷന്. അഡ്മിഷന് ലഭിക്കുന്നവര്‍ക്കെല്ലാം പ്രതിമാസം 12400 രൂപ വീതം ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് ലഭിക്കുന്നതാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് താമസിയാതെ എക്സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളില്‍ ജോലി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitie.edu സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: