ലഖ്‌നൗ: കുടുംബ വിശേഷങ്ങളും സുഖവിവരവുമന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ മംഗള്‍ കെവാത് വിനയാന്വിതനായി. മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിക്കുമ്പോള്‍ കെവാതിനറിയില്ലായിരുന്നു തന്റെ കുടുംബത്തിന്റെ ചെറിയ കാര്യം പോലും മോദി അതീവശ്രദ്ധയോടെ ചോദിച്ചറിയുമെന്ന്. മകളെ, എന്റെ അനുഗ്രഹവും ആശംസയും അറിയിക്കൂ… കെവാതിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി പറഞ്ഞു.
മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച ഉത്തര്‍പ്രദേശ് വാരാണസിയിലെ റിക്ഷാവണ്ടിക്കാരനാണ് മംഗള്‍ കെവാത്. കഴിഞ്ഞ 12നായിരുന്നു വിവാഹം. ആദ്യ ക്ഷണക്കത്ത് മോദിക്കാണ് നല്‍കിയത്. ന്യൂദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചു. ആശംസ നേര്‍ന്ന് എട്ടാം തീയതി മോദിയുടെ മറുപടിയെത്തിയതോടെ കെവാതും ഭാര്യ രേണുദേവിയും ഞെട്ടി. പിന്നെയത് ആവേശത്തിന് വഴിമാറി. അന്നു മുതല്‍ തുടങ്ങിയതാണ് മോദിയെ നേരിട്ട് കാണണമെന്ന ആഗ്രഹം.
ഈ ഞായറാഴ്ച വാരാണസിയില്‍ മോദി എത്തുമെന്ന് അറിഞ്ഞെങ്കിലും കാണാനാകുമെന്ന് കെവാതും കുടുംബവും വിചാരിച്ചില്ല. തിരക്കേറിയ പരിപാടികള്‍ക്കിടെ അതിനു സാധിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍, ഇവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കെവാതിനെയും കുടുംബത്തെയും മോദി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു. മകളുടെ കാര്യവും പ്രധാനമന്ത്രി അന്വേഷിച്ചതായി കെവാത് പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് കെവാത് നല്‍കുന്ന പിന്തുണയെയും മോദി പ്രശംസിച്ചു. സ്വച്ഛ് ഭാരതില്‍ ആകൃഷ്ടനായ കെവാത് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ഗംഗാ തീരം വൃത്തിയാക്കുന്ന ജോലിയാണ് ഏറ്റെടുത്തത്.
















