മുംബൈ: നവംമ്പര്‍ 26 (2008) ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ, തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബ് ആക്രമണത്തിനായി മുംബൈയില്‍ വന്നിറങ്ങുമ്പോള്‍ കൈയില്‍ ചുവന്ന ചരടു കെട്ടിയിരുന്നത് എന്തിന്?
ഉത്തരേന്ത്യയില്‍ കലാവാ എന്നാണ് ഈ ചുവന്ന ചരടിനു പേര്. ക്ഷേത്രങ്ങളില്‍ പൂജിച്ചു കിട്ടുന്ന ഈ ചരട് കസബ് കൈയില്‍ കെട്ടിയതിനു പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഗൂഢതന്ത്രമായിരുന്നു എന്നു വെളിപ്പെടുത്തുന്നു മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ. ഭീകരാക്രമണക്കേസിന്റെ അന്വേഷണത്തിനു നേതൃത്വം നല്‍കിയത് മാരിയ ആയിരുന്നു.
ഭീകരാക്രമണ പരമ്പരയ്‌ക്കു പിന്നില്‍ ഹിന്ദുസംഘടനകളാണെന്നു വരുത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് ‘ലെറ്റ് മി സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിലാണ് മാരിയ വിശദീകരിക്കുന്നത്. പേര് സമിര്‍ ദിനേഷ് ചൗധരിയാണെന്നു വരുത്തുന്നതിനുള്ള വ്യാജ ഐഡി കാര്‍ഡും കസബിന്റെ കൈവശമുണ്ടായിരുന്നു. ഇതും ലഷ്‌കറിന്റെ തന്ത്രം.
‘അജ്മല്‍ കസബ് കൈയില്‍ ചുവന്ന ചരട് കെട്ടിയിരുന്നു. പേര് സമീര്‍ ദിനേഷ് ചൗധരിയെന്നാണെന്നും ബെംഗളൂരുവാണ് സ്വദേശമെന്നും വരുത്താന്‍ ശ്രമിച്ചു. ഇയാളും കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ അവരുടെ പദ്ധതി വിജയിക്കുമായിരുന്നു. എന്നാല്‍, ഇയാളെ ജീവനോടെ പിടിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്’ പുസ്തകത്തില്‍ പറയുന്നു.
ഹിന്ദു ഭീകരനാണ് പിന്നിലെന്ന് വരുത്തിയിരുന്നുവെങ്കില്‍ പത്രങ്ങളില്‍ വമ്പന്‍ തലക്കെട്ടുകളോടെ, എങ്ങനെയാണ് ഹിന്ദു ഭീകരര്‍ മുംബൈ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വരുമായിരുന്നു. ടിവി ജേണലിസ്റ്റുകള്‍ അയല്‍ക്കാരെയും കുടുംബത്തെയും ഇന്റര്‍വ്യൂ ചെയ്യാന്‍ നെട്ടോട്ടമോടുമായിരുന്നു. എന്നാല്‍, പദ്ധതി വിജയിച്ചില്ല. അയാള്‍ പാക്കിസ്ഥാനിലെ ഫരീദ്‌കോട്ടില്‍ നിന്നുള്ള അജ്മല്‍ അമീര്‍ കസബ് ആണെന്ന് തെളിഞ്ഞു, പുസ്തകത്തില്‍ വിശദീകരിക്കുന്നു.
















