സൂക്ഷ്മ ശരീരവിവരണം തുടരുന്നു.
ശ്ലോകം 100
സര്വവ്യാപൃതികരണം
ലിംഗമിദം സ്യാത് ചിദാത്മനഃ പുംസഃ
വാസ്യാദികമിവ തക്ഷ്ണ-
സ്തേനൈവാത്മാ ഭവത്യസംഗോളയം
ജ്ഞാനസ്വരൂപനായ ആത്മാവിന് എല്ലാ വ്യാപാരങ്ങളും ചെയ്യുന്നതിനുള്ളതാണ് ലിംഗശരീരം. ആശാരിയ്ക്ക് ഉളി മുതലായ ഉപകരണങ്ങള്‍ പോലെയാണിത്. ലിംഗശരീരവുമായി ബന്ധമുള്ളപ്പോള്‍ മാത്രമാണ് ആത്മാവിനാ പ്രവര്‍ത്തനമുള്ളത്. വാസ്തവത്തില്‍ ആത്മാവ് ഒരു പ്രവര്‍ത്തനവുമില്ലാത്ത അസംഗന്‍ തന്നെയാണ്.
ആത്മചൈതന്യത്തിന്റെ സഹായം കൊണ്ടാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. അവ സ്വതവേ ജഡങ്ങളാണ്. അതു കൊണ്ടു തന്നെ അവയ്ക്ക് ഒന്നും സ്വയം ചെയ്യാനാകില്ല.
സൂക്ഷ്മ ശരീര ഘടകങ്ങളായ മനോബുദ്ധികളെ ആശാരിയുടെ ഉളി, കൊട്ടുവടി, ഈര്ച്ചവാള്,മുഴക്കോല് മുതലായ പണിയായുധങ്ങളോട് ഉപമിച്ചിരിക്കുകയാണ്.
ആശാരി അവയെടുത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ഈ ഉപകരണങ്ങള്‍ക്ക് ഒരു പണിയും ചെയ്യാനാവില്ല. ആശാരി എന്നാല്‍ ഈ ഉപകരണങ്ങളല്ല. അതുപോലെ മനസ്സ്, ബുദ്ധി തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് വേറിട്ടതാണ് ആത്മാവ്.
ഉപകരണങ്ങളുപയോഗിച്ച് പണിയെടുക്കുമ്പോള്‍ ആശാരിയ്ക്ക് തേയ്മാനം സംഭവിക്കില്ല. ഉപകരണങ്ങള്‍ കാലക്രമത്തില്‍ തേയ്മാനം വരുകയോ ഉപയോഗശൂന്യമാവുകയോ ചെയ്യും.
ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീകരണങ്ങള് വിഷയ ഗ്രഹണം, മനനം, ചിന്തനം എന്നിങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അത് സൂക്ഷ്മ ശരീരത്തെയാണ് ബാധിക്കുക. കര്‍തൃത്വഭോക്തൃത്വ അഭിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആത്മാവ് അസംഗനായി തന്നെയിരിക്കുന്നു.
ശ്ലോകം 101
അന്ധത്വമന്ദത്വപടുത്വ ധര്‍മ്മാഃ
സൗഗുണ്യ വൈഗുണ്യവശാദ്ധിചക്ഷുഷഃ
ബാധിര്യമൂകത്വമുഖാസ്തഥൈവ
ശ്രോത്രാദിധര്‍മ്മാ: ന തു
വേത്തുരാത്മനഃ
കണ്ണിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചരിക്കും നന്നായി കാണാനുള്ള കഴിവും കാഴ്ചക്കുറവും കാഴ്ചയില്ലായ്മയുമെല്ലാം. അതുപോലെ ചെവി കേള്‍ക്കാതിരിക്കുക, സംസാരശേഷിയില്ലായ്മ എന്നിവ ചെവി, നാക്ക് മുതലായവയുടെ ധര്‍മ്മങ്ങളാണ്.ഇതൊന്നും ജ്ഞാതാവായ ആത്മാവിന്റെ ധര്‍മ്മങ്ങളല്ല.
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന കുറവുകള്‍ അവയുടെ കുഴപ്പം കൊണ്ടാണ്. ആത്മാവിന്റെതല്ല. ആത്മാവിന് ആ പരിമിതികളൊന്നുമില്ല.
പണിയായുധത്തിന് പോരായ്മകള്‍ ഉണ്ടെങ്കില്‍ അതുകൊണ്ട് നന്നായി പണിയെടുക്കാനാവില്ല. പണിക്കാരന്റെയല്ല കുഴപ്പം പണിയായുധത്തിന്റെയാണ്.
കണ്ണിന് തകരാറുണ്ടെങ്കില്‍ വേണ്ടതുപോലെ കാണാനോ കാതിന് കുഴപ്പമുണ്ടെങ്കില്‍ നല്ലപോലെ കേള്‍ക്കാനോ കഴിയില്ല. വാഗിന്ദ്രിയമായ നാക്ക് പ്രവര്‍ത്തനശേഷി ഉള്ളതല്ലെങ്കില്‍ സംസാരിക്കാനാവില്ല. ഈ ധര്മ്മങ്ങളെല്ലാമറിഞ്ഞ് സര്‍വ്വസാക്ഷിയായി ആത്മാവ് ശരീരത്തിലിരിക്കുന്നുവെങ്കിലും ഇവയ്ക്ക് അതീതനാണ്.
കണ്ണിന്റെ കണ്ണും കാതിന്റെ കാതും വാക്കിന്റെ വാക്കുമെല്ലാമായി ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയുമൊക്കെ സദാ പ്രകാശിപ്പിക്കുന്നതാണ് ആത്മാവ്. എന്നാല്‍ അവയുടെ ധര്‍മ്മങ്ങളൊന്നും സാക്ഷിയായ ആത്മാവിനെ ബാധിക്കില്ല. ഇങ്ങനെ അനാത്മാക്കളില്‍ നിന്ന് ആത്മതത്വത്തെ വേര്‍തിരിച്ചറിയുക തന്നെ വേണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: