തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍ നിന്നു കാണാതായെന്ന് സിഎജി കണ്ടെത്തിയ 25 തോക്കുകളും സേനയില്‍ത്തന്നെയുണ്ടെന്ന് ക്രൈംബ്രാഞ്ച്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ് മുഴുവന്‍ തോക്കുകളുമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട് പരിശോധിച്ചെന്നും പതിമൂന്നു തോക്കുകള്‍ ഇന്ത്യ റിസര്‍വ് പോലീസ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മണിപ്പൂരില്‍ ഡ്യൂട്ടിക്ക് കൊണ്ടുപോയതാണെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അറിയിച്ചു.
മണിപ്പൂരിലുള്ളവരുമായി വീഡിയോ കോള്‍ മുഖേന സംസാരിച്ചു. അവരുടെ കൈവശമുള്ള തോക്കുകളുടെ ബോഡി നമ്പറും മറ്റും പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തി. ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ തച്ചങ്കരിയുടെയും അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നല്കിയ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ തോക്കുകളും ഹാജരാക്കിയിരുന്നു.
തിരകള്‍ കാണാതായത് സംബന്ധിച്ച് സിഎജി റിപ്പോര്ട്ടിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉന്നതരും കുടുങ്ങും. 12,061 വെടിയുണ്ടകളാണ് കാണാതായത്. രണ്ട് മാസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചത്.
തോക്കുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പതിമൂന്നു ഹെഡ്കോണ്‍സ്റ്റബിള്‍മാരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബെല്‍ ഓഫ് ആംസില്‍ നിന്ന് നല്കുന്ന വെടിയുണ്ടകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യം ബറ്റാലിയന് കമാന്‍ഡന്റും ഉറപ്പുവരുത്തണം. മാത്രമല്ല എല്ലാ വര്‍ഷവും കൃത്യമായി ആയുധ ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തണം. ദൈനംദിന ഉപയോഗത്തിന് മാത്രമുള്ള വെടിയുണ്ടകളാണ് ദിനം
പ്രതി കൈകാര്യം ചെയ്യുന്നത്. ഇതിനു തന്നെ ഡിവൈഎസ്പി, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി വേണം. ശേഷിക്കുന്ന വെടിയുണ്ട സീല്‍ ചെയ്ത പെട്ടിയിലാണുള്ളത്. അവ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പുറത്തെടുക്കാനാകില്ല. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. വെടിയുണ്ടകള്‍ സുരക്ഷിതമായി സൂക്ഷിച്ചാല്‍ 50-60 വര്‍ഷം കഴിയുന്നത് വരെ ഉപയോഗിക്കാവുന്നവയാണ്. അതിനാല്‍, വെടിയുണ്ടകള്‍ കാണാതായത് ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: