തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതം കൂടുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൂര്യാഘാതമേറ്റാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിക്കണം. ചൂടിനെ ആഗിരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഈ സമയത്ത് ഉപയോഗിക്കരുതെന്നും വിദ്യാലയ അധികൃതര്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പറയുന്നത്. ശനിയാഴ്ച പാലക്കാട്ട് അനുഭവപ്പെട്ടത് 38 ഡിഗ്രിയാണ്. പകലും രാത്രിയിലും ഒരുപോലെ ചൂട് ഉയര്‍ന്നു നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പാലക്കാട്ടും പുനലൂരും ചൂട് 40 ഡിഗ്രിക്കു മേല്‍ എത്തിയിരുന്നു. പക്ഷെ ആ സമയത്ത് രാജസ്ഥാനിലെ ചുരുവില്‍ ചൂട് 50 ഡിഗ്രിക്ക് മുകളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക