കൊച്ചി: അജാത ശത്രുവായിരുന്നു പരമേശ്വര്‍ജിയെന്ന് നാഷണല്‍ മൊണ്യൂമെന്റ്സ് ചെയര്‍മാനും മുന്‍ എംപിയും പാഞ്ചജന്യ മുന്‍ എഡിറ്ററുമായ തരുണ്‍ വിജയ് പറഞ്ഞു. അന്തരിച്ച പി. പരമേശ്വരന് കൊച്ചി പൗരാവലിയുടെ അനുസ്മരണ പരിപാടിയായ ‘വന്ദേ പരമേശ്വരം’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയെയും ഹിന്ദുത്വത്തെയും സ്വജീവിതത്തിലൂടെ പരമേശ്വര്‍ജി നിര്‍വചിച്ചതായി തരുണ്‍ വിവരിച്ചു.
ആദിശങ്കരന്റേയും നാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടേയും കാഴ്ചപ്പാടുകള്‍ക്കൊപ്പിച്ച് പ്രവര്‍ത്തിച്ചും ജീവിച്ചും കാണിച്ച അജാത ശത്രുവായിരുന്നതിനാലാണ് വ്യത്യസ്ത കാഴ്ചപ്പാടും ദര്‍ശനവും പദ്ധതിയും ഉള്ളവര്‍ അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒന്നിച്ചതെന്ന് തരുണ്‍ പറഞ്ഞു.
തികഞ്ഞ ഭാരതീയനായിരുന്നു പരമേശ്വര്‍ജിയെന്ന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തികഞ്ഞ ആത്മീയവാദിയും സാത്വികനും താത്ത്വികനുമായിരുന്ന പരമേശ്വര്‍ജി വിശ്വസിച്ച ആദര്‍ശം സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ആവുന്നതെല്ലാം ചെയ്ത മാതൃകയായിരുന്നുവെന്ന് കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സ് അനുസ്മരിച്ചു. കുരുക്ഷേത്ര പ്രകാശന് സംഘടിപ്പിച്ച പരിപാടിയില്‍
സ്വാമി വിവിക്താനന്ദ (ചിന്മയ മിഷന്), സ്വാമി തുരീയാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സ്വാമി ശിവ സ്വരൂപാനന്ദ (അദ്വൈതാശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), പദ്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, പ്രമുഖ അഭിഭാഷകരായ അഡ്വ.കെ. രാംകുമാര്‍, അഡ്വ. കെ. ഗോവിന്ദ് ഭരതന്, പ്രൊഫ. എം.കെ. സാനു, പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, മുതിര്‍ന്ന പത്രപ്രവര്ത്തകന് പി. രാജന്, വിവേകാനന്ദ കേന്ദ്ര വേദിക് മിഷന് ഡയറക്ടര്‍ ഡോ.എം. ലക്ഷ്മി കുമാരി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, പി.ടി. തോമസ് എംഎല്‍എ, ഭാരതീയ വിചാരകേന്ദ്രം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.ആര്. സോമശേഖരന്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അനുസ്മരിച്ചു. കുരുക്ഷേത്ര എംഡി: സി.കെ. രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: