തിരുവനന്തപുരം : കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് മണി (79) ഇന്നു പുലര്‍ച്ചെ കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.
പത്രാധിപര്‍ പത്മഭൂഷണ്‍ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം മയ്യനാട് ജനനം. മലയാള സാഹിത്യത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും കുലപതിയായ സി. വി. കുഞ്ഞുരാമന്റെ ചെറുമകനാണ്. പേട്ട ഗവണ്മെന്റ് സ്കൂള്‍, സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.
1961ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 1962 ല്‍ ദല്‍ഹിയില്‍ കേരളകൗമുദിയുടെ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി നിയമിതനായി. അറുപതുകളുടെ തുടക്കം മുതല്‍ അദ്ദേഹം ലോക്സഭയിലെയും രാജ്യസഭയിലെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കാന്‍ ഗോവയില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്ക്ലൂസീവ് വാര്‍ത്തകളായിരുന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ ഗോപാലനോടൊപ്പം വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിവരധി യോഗങ്ങളില്‍ പങ്കെടുത്തു. 1962ല്‍ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നു കയറിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാന്‍ ബോംധിലയിലെത്തിയ ഇന്ത്യന്‍ റെഡ്ക്രോസ് സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
ബോംധിലയിലെ ആദിവാസികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. 1965ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി പിതാവായ പത്രാധിപര്‍ കെ. സുകുമാരന്റെ കീഴില്‍ കേരളകൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. ഇക്കാലത്തെ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ കേരളകൗമുദി ദിനപത്രത്തിന്റെ വിശ്വാസ്യതയും പ്രചാരവും വര്‍ദ്ധിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകളെ വീഴ്ത്തുകയും പുതിയ സര്‍ക്കാരുകളെ വാഴിക്കുകയും ചെയ്തിട്ടുണ്ട്. 1965ല്‍ മുരുക്കുംപുഴ ദാമോദരന്‍ മുതലാളിയുടെ മകള്‍ ഡോ. കസ്തൂരിബായി (ഫാര്‍മക്കോളജി മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) യെ വിവാഹം ചെയ്തു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ക്ഷണം അനുസരിച്ച് ആ രാജ്യം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും സംഘത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1975ല്‍ അദ്ദേഹം കലാകൗമുദി വാരികയ്ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി അംഗമായും നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗമായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേസരി അവാര്‍ഡും അംബേദ്കര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. മക്കള്‍: വത്സ മണി (കേരളകൗമുദി പത്രാധിപസമിതിയംഗം), സുകുമാരന്‍ മണി (മാനജിംഗ് എഡിറ്റര്‍, കലാകൗമുദി). കേരളകൗമുദി മുന്‍ റെസിഡന്റ് എഡിറ്റര്‍ എസ്. ഭാസുര ചന്ദ്രന് മരുമകനാണ്.
പരേതരായ എം.എസ്. മധുസൂദനന്, എം.എസ്. ശ്രീനിവാസന്, എം.എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്. കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി സഹോദരപുത്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: