കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംവിധായകന് ആഷിഖ് അബുവും കൂട്ടരും നടത്തിയത് വന്‍തട്ടിപ്പെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നു. പ്രളയ ദുരിത ബാധിതരെ സഹായിക്കാനെന്ന പേരില്‍ കൊച്ചിന് മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരുണ സംഗീത നിശ നഷ്ടമായിരുന്നുവെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ ദുരിതാശ്വാസത്തിന് ഫണ്ട് ശേഖരിക്കാനല്ല സംഗീതനിശ നടത്തിയതെന്ന പുതിയ ന്യായീകരണവുമായി ഇന്നലെ ആഷിഖ് അബു രംഗത്തു വന്നു.
എന്നാല്‍, സംഘാടകര്‍ പറയുന്നതു തെറ്റാണെന്നും പിരിഞ്ഞു കിട്ടിയത് ഒന്നര മുതല്‍ രണ്ടു കോടി വരെ രൂപയെന്നും അനൗദ്യോഗിക കണക്കുകളും പുറത്തുവന്നു. കരുണയില്ലാതെ കബളിപ്പിച്ച ആഷിഖ് അബുവും കൂട്ടരും ഔദ്യോഗികമായി ഫൗണ്ടേഷന്റെ പേരില്‍ കണക്കു പുറത്തുവിട്ടില്ലെങ്കില്‍, കണക്കു പരസ്യമാക്കാന്‍ ചിലര്‍ തയാറായിട്ടുണ്ട്. ഒ. രാജഗോപാല്‍ എംഎല്‍എയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശിച്ചേക്കുമെന്നും സൂചനയുണ്ട്.
കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. അവിടെയായിരുന്നു സംഗീത നിശ. ടിക്കറ്റ് 500 രൂപ, 1500 രൂപ, 5000 രൂപ നിരക്കിലായിരുന്നു. ടിക്കറ്റിന് 500 രൂപ നിരക്ക് കണക്കാക്കിയാലും അരക്കോടി വരും. 18,000 ടിക്കറ്റ് വിറ്റതായാണ് സംഘാടകരില്‍ ചിലര്‍ സമ്മതിക്കുന്നത്. ടിക്കറ്റ് നിരക്ക് ശരാശരി 1500 രൂപ ആയി കണക്കാക്കിയാല്‍ ഒന്നരക്കോടിയിലധികമാകും.
പ്ലാസ്റ്റിക് കസേരകള്‍ നിരത്തി കൂടുതല്‍ സീറ്റുകള്‍ ഉണ്ടാക്കി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കൂട്ടമായി ടിക്കറ്റ് വിറ്റ് പണം വാങ്ങിയിരുന്നു. ഓണ്‍ലൈനില്‍ വിറ്റ ടിക്കറ്റ് കണക്കാണ് ആറു ലക്ഷത്തിന്റേത്. ഏഴ് സ്ഥാപനങ്ങള്‍ പരിപാടിയുടെ വിവിധ ഉപമേഖലകള്‍ സ്പോണ്സര് ചെയ്തിരുന്നു. സൗജന്യങ്ങള്‍ വേറേ. താമസ സൗകര്യമൊരുക്കിയ ഹോട്ടല്‍, യാത്രയ്ക്ക് വാഹനം നല്കിയ സ്ഥാപനങ്ങള്‍ തുടങ്ങിയവരും ചെലവും പണം നല്‍കാത്തതും സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനല്ല കരുണ സംഗീതനിശ സംഘടിപ്പിച്ചതെന്നാണ് ആഷിഖ് അബുവിന്റെ വിശദീകരണം. പണം നല്കാന് കരുണ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല. തട്ടിപ്പു നടത്തിയെന്ന് ആരോപിക്കുന്നവര്‍ അത് എന്താണെന്നും വ്യക്തമാക്കണം, ആഷിഖ് അബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: