ന്യൂദല്‍ഹി: രാജ്യത്തെ വാഹന വിപണിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എഇ47 എന്ന് പേരുള്ള ബൈക്ക് ദല്‍ഹി ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. നാലു കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ എന്‍ജിനാല്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതിയെന്നാണ് കമ്പനിയുടെ വാഗ്ദാനം.
നാലു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകുന്ന 3.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹീറോ എഇ-47നുള്ളത്. ഇതിലൂടെ പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്സസ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്സ് ഗിയര്‍ എന്നിവ ഫീച്ചറുകളും എഇ47യുടെ പ്രത്യേകതയാണ്. ജിപിഎസ്, ജിപിആര്‍എസ്, തല്‍സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നീ ഫീച്ചറുകള്‍ പ്രത്യേക മൊബൈല്‍ ആപ്പിലും ഇതില്‍ ലഭ്യമായിരിക്കും.
പൂര്‍ണമായും ഫൈബര്‍ ബോഡിയുള്ള ഈ വാഹനത്തിന്റെ ആകെ ഭാരം 108കിലോഗ്രാമാണ്. ഇതില്‍ 18കിലോഗ്രാം എന്‍ജിന്റെ മാത്രം ഭാരമാണെന്ന് കമ്പനി വ്യക്തമാക്കി. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് (മുന്നില്‍ 290 എംഎം, പിന്നില്‍ 215 എംഎം), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. പുത്തന്‍ ട്രെന്‍ഡി ബൈക്കുകളെ പോലെ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണുള്ളത്.
ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് എഇ-47 എന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ടെലിസ്‌കോപിക് ഫോര്‍ക്ക്, മോണോഷോക്ക് എന്നിവയ്‌ക്കു പുറമേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റവും റിവേഴ്‌സ് ഗിയറും പുതിയ ബൈക്കിലുണ്ട്. 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് വാഹനത്തിന്റെ വിലയെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: