ന്യൂദല്‍ഹി: പല രീതിയിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങള്‍ക്കും ദോഷകരമാകുന്ന ശത്രുവിനെ നേരിടാന്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യയും പാക്കിസ്ഥാനും. അതിര്‍ത്തി പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കിളികളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഇപ്പോഴത്തെ പ്രശ്നം.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചര്‍ച്ചകളാണ് നടന്നത്. വരുന്ന വിളവെടുപ്പ് കാലം മുന്നില്‍ക്കണ്ട് സജീവ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ നാശമായിരിക്കും ഈ കിളികളെക്കൊണ്ട് ഇത്തവണയുണ്ടാകുകയെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവയെ ചെറുക്കാനുള്ള തയാറെടുപ്പിലാണ് ഇരുരാജ്യങ്ങളും. രാജസ്ഥാനിലെ മുനാബാവിലും പാക്കിസ്ഥാനിലെ ഖൊഖ്രോപര് പ്രദേശത്തുമാണ് ചര്‍ച്ചകള്‍ നടത്തിയത്.
അതിര്‍ത്തിയോട് ചേര്‍ന്ന രാജസ്ഥാന്-ഗുജറാത്ത് പ്രദേശങ്ങള്‍, പാക് കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ശൈത്യകാല വിളകളെയാണ് ഇവ കൂടുതലായും ബാധിക്കുക. ഇറാന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാന്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കിളികള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശല്യം രൂക്ഷമായതോടെ ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ പ്രഖ്യാപനം പോലും പാക്കിസ്ഥാന് നടത്തിയിരുന്നു.
കൃത്യമായ പരിശോധനകളിലൂടെയും പരിപാലനത്തിലൂടെയും ശരിയായ നടപടിക്രമങ്ങളിലൂടെയും വിളനാശം നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയും (എഫ്എഒ) രംഗത്തെത്തി.
ഇതിന് മുമ്പ് 1950ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വിളനശിപ്പിക്കുന്ന ജീവികളുടെ ശല്യം രൂക്ഷമായിരുന്നു. 1993ല്‍ ഇന്ത്യയിലെ 310,482 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇവമൂലം നശിച്ചത്. ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം നാല് കോടി കിളികളെയാണ് കാണുന്നത്. 35,000 മനുഷ്യര്‍ അല്ലെങ്കില്‍ 20 ഒട്ടകങ്ങള്‍ അല്ലെങ്കില്‍ ആറ് ആനകള്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന് സമമാണ് ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഈ ജീവികള്‍ നശിപ്പിക്കുന്ന വിളകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: