ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതിയും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വിഷയങ്ങളും വളരെക്കാലമായി രാജ്യത്തിന് മുന്നിലുള്ളതാണ്. ഇത് നടപ്പാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ലോകത്തിന്റെ സമ്മര്‍ദ്ദമുണ്ടെങ്കിലും തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഇതില്‍ മാറ്റമുണ്ടാകില്ല. രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരും. സ്വന്തം മണ്ഡലമായ വാരാണസിയിലെ സന്ദര്‍ശനത്തില്‍ മോദി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷവും മുസ്ലിം മതമൗലികവാദ സംഘടനകളും രാജ്യത്ത് അക്രമവും പ്രതിഷേധവും നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. അയോധ്യയില്‍ 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് കൈമാറുമെന്ന് മോദി വ്യക്തമാക്കി. ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം നിയമനിര്‍മ്മാണത്തിലൂടെയാണ് ഇതിന് ചുറ്റുമുള്ള 67.703 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. തര്‍ക്ക മന്ദിരം നിലനിന്നിരുന്ന 0.313 ഏക്കര്‍ ഒഴികെയുള്ള ഭാഗം യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ അനുവദിക്കണമെന്ന് നേരത്തെ കേന്ദ്രം സുപ്രീംകോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വലിയ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മോദി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ബി.എസ്. യെദിയൂരപ്പ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലത്തില്‍ മുപ്പതിലേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിനായ മഹാകല്‍ എക്സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു.
വാരാണസിയിലെ കാശി വിശ്വാനാഥ, ഉജ്ജയിനിലെ മഹാകാലേശ്വര്‍, ഇന്‍ഡോറിലെ ഓംകാരേശ്വര്‍ എന്നീ മൂന്ന് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്മാരക കേന്ദ്രവും 63 അടി ഉയരമുള്ള പ്രതിമയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: