തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷമാണിത്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് എപ്പോഴാണെന്ന് കൃത്യമായി അറിയാവുന്നതാണ്. അതിനുള്ള ഒരുക്കങ്ങള്‍ക്ക് അഞ്ചുവര്‍ഷം ലഭിക്കുകയും ചെയ്യും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ സംവിധാനങ്ങള്‍ക്കും മറ്റ് പണിയൊന്നുമില്ല. വോട്ടര്‍ പട്ടികയില്‍ യഥാവിധി പേരുള്‍പ്പെടുത്തുകയും ഉപതെരഞ്ഞെടുപ്പുകളാവശ്യമായി വന്നാല്‍ അത് നടത്തുകയും ചെയ്യുക എന്നത് കമ്മീഷന്റെ ചുമതലയാണ്. അവര്‍ തര്‍ക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും എത്തുന്നുവെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കണമോ അതല്ല കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പട്ടിക വേണോ എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. അത് കോടതി വ്യവഹാരങ്ങളിലും പെട്ടിരിക്കുകയുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പഴയ പടി പട്ടികയെ ആശ്രയിക്കുമ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പട്ടിക മതിയെന്നാണ് പ്രതിപക്ഷ നിലപാട്. അതിനോട് അനുകൂലിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. കേസ് ഇനി സുപ്രീം കോടതിയാണ് കേള്‍ക്കാന്‍ പോകുന്നത്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കമ്മീഷനാണ് സുപ്രീംകോടതിയില്‍ പോകാന്‍ തീരുമാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കമ്മീഷന് സുപ്രീംകോടതിയെ സമീപിക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു. ഏത് പട്ടിക ഉപയോഗിച്ചാലും മുന്‍കൂട്ടി നിശ്ചയിച്ച സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന് വിശദീകരിക്കുന്നുണ്ട്.
അതേസമയം, ഹൈക്കോടതി വിധിയെ തുടര്‍ന്ന് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. 2015ലെ വോട്ടര്‍ പട്ടികയ്ക്കുപകരം 2019ലെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. 2015ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും 2019ലേത് പട്ടിക ബൂത്ത് അടിസ്ഥാനത്തിലുമുള്ളതാണ്. വോട്ടര്‍ പട്ടിക പരിഷ്കരിക്കുമ്പോള്‍ 25000ത്തോളം ബൂത്തുകളാണ് കേരളത്തിലുള്ളത്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ടുനമ്പര്‍ അടക്കം പരിശോധിക്കണം. കരട് പട്ടിക തയാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യേണ്ടിവരും. ഇതിനായി നാലുമാസമെങ്കിലും വേണ്ടിവരും. അതിനുശേഷം വാര്‍ഡ് അടിസ്ഥാനത്തിലേക്ക് പട്ടിക മാറ്റേണ്ടിയും വരും.
വാര്‍ഡ് അടിസ്ഥാനത്തിലുള്ള 2015ലെ പട്ടികയാണെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമം. 2015ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും കമ്മീഷന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഉപയോഗിക്കണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. 2019ലെ വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ 30 ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകേണ്ടിവരും.
ഇവരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ 2015ലെ പട്ടിക മതിയെന്ന തീരുമാനത്തില്‍ കമ്മീഷന് തുടര്‍ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. പിന്നീട് ഡിവിഷന് ബെഞ്ചിനെ പ്രതിപക്ഷം സമീപിച്ചു. ഈ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് 2019ലെ വോട്ടര്‍ പട്ടിക പ്രകാരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന് യഥാവിധി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വോട്ട് ചെയ്യാമായിരുന്നു. അതില്ലാതാക്കി തെരഞ്ഞെടുപ്പ് പ്രഹസനമാക്കാന്‍ നോക്കുന്നത് അപലപനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: