കോഴിക്കോട്: ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ ഇന്നലെയും പതിവുകള്‍ക്ക് മാറ്റമില്ലായിരുന്നു. കെ. സുരേന്ദ്രന് എന്ന ഈ വീടിന്റെ ഗൃഹനാഥനാണ് ബിജെപിയെ കേരളത്തില്‍ നയിക്കുക. സഹപ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തിയപ്പോഴാണ് വീട് ആഘോഷത്തിലേക്ക് കടന്നത്. ചാനല്‍ വാര്‍ത്തയിലൂടെയാണ് ഭര്‍ത്താവിന്റെ സ്ഥാനലബ്ധിയെക്കുറിച്ച് ഷീബ അറിഞ്ഞത്.
ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴും സംഘടനാപരമായ തിരക്കുകള്‍ക്കിടയിലും കുന്നുമ്മല്‍ വീട്ടിലെത്തിയാല്‍ കെ. സുരേന്ദ്രന് സാധാരണ കുടുംബനാഥനാണ്. എന്തു തിരക്കുണ്ടായാലും പത്തു ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാറില്ല. വീട്ടിലില്ലാത്ത ദിവസങ്ങളില്‍ ഫോണില്‍ കാര്യങ്ങള്‍ അന്വേഷിക്കും. മൊബൈല്‍ ഫോണിന് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ലാന്‍ഡ് ഫോണാണ് വീട്ടില്‍ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമൊഴിച്ചാല്‍ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സമയത്താണ് കൂടുതല്‍ ദിവസം വീട്ടില്‍ നിന്ന് വിട്ടുനിന്നത്. ആ സമയങ്ങളില്‍ കുറച്ചു വിഷമം തോന്നിയിരുന്നു.
പത്തനംതിട്ട തെരഞ്ഞടുപ്പ് പ്രചാരണ സമയത്താണ് സുരേന്ദ്രനെ ജനങ്ങള്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. കാസര്‍കോട് തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് തോറ്റപ്പോള്‍ തനിക്ക് വിഷമം തോന്നിയിരുന്നു. അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേന്ദ്രന് പറയാറെന്ന് ഭാര്യ ഷീബ പറയുന്നു.
ഷീബയും മകള്‍ ഗായത്രിദേവിയും സുരേന്ദ്രന്റെ സഹോദരിമാരും ഷീബയുടെ അച്ഛന് കണാരനുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. മകന് കെ.എസ്. ഹരികൃഷ്ണന് വീട്ടിലുണ്ടായിരുന്നില്ല. പത്തനംതിട്ടയിലായിരുന്ന സുരേന്ദ്രനെ വാര്‍ത്തയറിഞ്ഞയുടന്‍ ഷീബ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുരേന്ദ്രന് തിരിച്ചു വിളിക്കുമ്പോഴേക്കും പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും അവിടെയെത്തി. പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം മധുരം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: