മക്കളേ,
സനാതന ധര്‍മ്മത്തിലെ ഈശ്വരസങ്കല്പങ്ങളില് ഏറ്റവും അധികം ആശ്ചര്യമുളവാക്കുന്ന ഒരു സങ്കല്പമാണ് പരമശിവന്റേത്. സംഹാരമൂര്‍ത്തിയാണെങ്കിലും മംഗളസ്വരൂപനാണ്. കപാലമേന്തിയ ഭിക്ഷുവാണെങ്കിലും ജഗത്പിതാവാണ്. ജ്ഞാനസ്വരൂപനും സകല വിദ്യകളുടെയും ഉറവിടവുമാണ്. ആദിഗുരുവും, ഭിക്ഷുക്കള്‍ക്കു നാഥനുമാണ്. ഉയര്‍ന്നവരെന്നോ താഴ്ന്നവരെന്നോ ഭേദമില്ലാതെ സകലരിലും അനുഗ്രഹം ചൊരിയുന്നവനുമാണ് പരമശിവന്. അങ്ങനെയുള്ള പരമശിവന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദിനമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശിനാളിലാണ് ശിവരാത്രി കൊണ്ടാടുന്നത്. ആഘോഷമെന്നതിലുപരി അതൊരു വ്രതമാണ്, രാവും പകലും ഒരുപോലെ നീണ്ടുനില്‍ക്കുന്ന വ്രതം.
ശിവരാത്രിദിവസത്തിലെ ഒരു മുഖ്യ അനുഷ്ഠാനമാണല്ലോ ഉപവാസം. ഉപവാസമെന്നാല്‍ ഈശ്വരസമീപം വസിക്കുക അഥവാ ഈശ്വരസ്മരണയോടെ കഴിയുക എന്നതാണ്. ആഹാരം വെടിഞ്ഞുള്ള ഉപവാസം ശരീരമനസ്സുകളെ ശുദ്ധീകരിക്കുകയും ആരോഗ്യവര്ദ്ധനവിനു സഹായിക്കുകയും ചെയ്യുന്നു. വിശപ്പും ദാഹവും, നാക്കിന്റെ രുചിയും, ഉറക്കവും ജയിക്കുക എന്നത് മനുഷ്യനു പ്രയാസമുള്ള കാര്യങ്ങളാണ്. ഈശ്വരസ്മരണയില് അവയെ ത്യജിക്കുവാന്‍ ശിവരാത്രി നമുക്കു അവസരമൊരുക്കുന്നു.
ഉറക്കമിളപ്പുകൊണ്ട് ലക്ഷ്യമാക്കുന്നത് ശാരീരികമായ ഉറക്കമിളപ്പ് മാത്രമല്ല. സത്യവും അസത്യവും വേര്‍തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഈശ്വരസ്മരണ ചെയ്യുക എന്നതുകൂടിയാണ്. സാധാരണ രാത്രിയെ തമസ്സിനോടും അജ്ഞതയോടും ലൗകികമായ ആഗ്രഹങ്ങളോടുമൊക്കെയാണ് നമ്മള് ബന്ധപ്പെടുത്താറുള്ളത്. അവയില്‍നിന്നൊക്കെ അകന്നുനിന്ന് ഉണര്‍വോടെ ഈശ്വരസ്മരണയ്ക്കായി സമര്‍പ്പിക്കുന്ന ദിനമാണ് ശിവരാത്രി. രാവും പകലും മാറിവരുന്നതുപോലെ നമ്മള് ഉറങ്ങുകയും ഉണരുകയും വീണ്ടും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. എന്നാല്‍ ജ്ഞാനത്തിലേയ്ക്കുണര്ന്നാല് പിന്നെ അജ്ഞാനനിദ്രയില്ല, നിത്യമായ ഉണര്‍വാണ്, നിത്യമായ ആനന്ദമാണ്. അതാണ് ഉറക്കമിളയ്ക്കുന്നതിന്റെ തത്ത്വം.
ഇന്നു ശിവരാത്രി ഭാരതത്തിലാകമാനം ആഘോഷിക്കാറുണ്ട്. എന്നാല്‍ ഉറക്കമൊഴിഞ്ഞ് ലൗകികമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ലൗകികമായ കലാപരിപാടികള്‍ കാണുകയുമാണ് പലരും ചെയ്യുന്നത്. ഇത്തരം ഉറക്കമിളപ്പുകൊണ്ട് ശരിയായ പ്രയോജനം ലഭിക്കില്ല. ഈശ്വരസ്മരണ ഉണര്‍ത്തുന്ന കലാപരിപാടികള്‍ കാണുന്നതില്‍ തെറ്റില്ല. നമ്മുടെ മനസ്സ് എവിടെ നില്ക്കുന്നു എന്നതാണ് പ്രധാനം.
പാലാഴിമഥനസമയത്ത് ശിവന് കാളകൂടം കുടിച്ച ദിനമായി ശിവരാത്രിയെക്കുറിച്ച് പറയാറുണ്ട്. പാലാഴിയില്‍ നിന്ന് പല അമൂല്യവസ്തുക്കളും ഉയര്‍ന്നുവന്നു. മറ്റുള്ളവരെല്ലാം സ്വന്തം സുഖഭോഗത്തിനുവേണ്ടി അവയെ കൈക്കലാക്കി. എന്നാല്‍ കാളകൂടം ഉയര്‍ന്നുവന്നപ്പോള്‍ ലോകരക്ഷയ്ക്കുവേണ്ടി അതിനെ സ്വീകരിക്കാന്‍ ശിവഭഗവാന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ത്യാഗവും ഉദാരതയും നമ്മള് സ്വീകരിക്കുമ്പോള്‍ അതു തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ നന്മചെയ്യും. ആ ത്യാഗമാണ് ശിവഭഗവാന് നമുക്കു കാണിച്ചുതന്നത്.
ശിവരാത്രി, ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്ന ദിവസമായും കരുതപ്പെടുന്നു. പരമശിവന് സ്വാഭാവികമായിത്തന്നെ വിരക്തനും വൈരാഗിയുമാണ്. എന്നാല്‍ അസുരബാധയില്നിന്ന് ലോകത്തെ രക്ഷിക്കേണ്ടത് ആവശ്യമായിവന്നപ്പോള്‍ ഭഗവാന് പാര്‍വ്വതീദേവിയെ സ്വീകരിച്ചു. പാര്‍വ്വതി തപസ്സിന്റെയും പ്രേമത്തിന്റെയും മൂര്‍ത്തിയാണ്. അങ്ങനെ ശിവകുടുബം ജ്ഞാനത്തിന്റെയും വൈരാഗ്യത്തിന്റെയും തപസ്സിന്റെയും കാരുണ്യത്തിന്റെയും മാതൃകയായിത്തീര്‍ന്നു. എല്ലാ ഗൃഹസ്ഥാശ്രമികള്‍ക്കും ഇതൊരു മഹത്തായസന്ദേശം നല്കുന്നു. ഭാര്യാപുത്രാദികളെ സ്നേഹപൂര്‍വ്വം സംരക്ഷിച്ച് അവര്‍ക്കു വേണ്ടതെല്ലാം ചെയ്യണം. എന്നാല്‍ ഉള്ളുകൊണ്ട് അസംഗനായിരിക്കുകയും വേണം. ഈശ്വരനോടു മാത്രമായിരിക്കണം യഥാര്‍ത്ഥബന്ധം. അങ്ങനെയായാല്‍ ഗൃഹസ്ഥജീവിതംതന്നെ ഒരു സാധനയായി മാറും.
ശിവന്റെ രണ്ടു വിരുദ്ധഭാവങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, അവിടുന്നു ധ്യാനസ്ഥിതനാണ്, സമാധിമഗ്നനാണ്. എന്നാല്‍ നടരാജഭാവത്തില്‍ അവിടുന്നു താണ്ഡവനൃത്തമാടുന്നു. കര്‍മ്മത്തെയും ധ്യാനത്തെയും എങ്ങനെ യോജിപ്പിക്കണമെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. ആത്മസ്വരൂപം നിത്യനിശ്ചലമാണെങ്കിലും അതിനെ അധിഷ്ഠാനമാക്കി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. നിസ്സംഗനും ആത്മനിഷ്ഠനുമായവന് ഏറ്റവും നന്നായി കര്‍മ്മം ചെയ്യുവാന്‍ കഴിയും. ആ കര്‍മ്മം അവനെ ബന്ധിക്കുകയുമില്ല. ‘യോഗഃ കര്‍മ്മസു കൗശലം’ എന്നാണല്ലോ ഗീതാവാക്യം.
ശിവന് ചന്ദ്രക്കല ചൂടിയവനാണ്. പൂര്ണ്ണചന്ദ്രന് ക്രമേണ ക്ഷയിച്ചു ചന്ദ്രക്കലമാത്രമായി, പിന്നെ വീണ്ടുംവളര്ന്നു പൂര്ണ്ണചന്ദ്രനാകുന്ന കാലയളവിനെയാണല്ലോ നമ്മള് ഒരു മാസം എന്നു പറയുന്നത്. അതിനാല്‍ ചന്ദ്രക്കല കാലത്തിന്റ പ്രതീകമാണ്. കാലമാകട്ടെ മനസ്സിന്റെ സൃഷ്ടിയാണ്. അങ്ങനെ നോക്കുമ്പോള്‍ ശിവരാത്രി അടുക്കുംതോറും ചന്ദ്രക്കല ചെറുതായി വരുന്നത് മനോനാശത്തെ സൂചിപ്പിക്കുന്നു. മനസ്സിനെ അതിക്രമിച്ചാല്‍ ആത്മബോധം തെളിയുകയും ‘ശിവോഹം’ എന്നു ബോധിച്ച് ജീവന് ശിവസ്വരൂപമായിത്തീരുകയും ചെയ്യും. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്ന മൂര്‍ത്തിത്രയത്തില്‍ ശിവന് സംഹാരമൂര്‍ത്തിയാണ്. സംഹാരം രണ്ടുതരം ഉണ്ട്, ബാഹ്യവും ആന്തരികവും. ബാഹ്യപ്രപഞ്ചത്തെ മാത്രമല്ല അതിനുകാരണമായ ഉള്ളിലെ വാസനകളെയും അജ്ഞാനത്തെയും കൂടി അവിടുന്നു സംഹരിക്കുന്നു. അതിനാല്‍ ഭഗവാന്റെ സംഹാരതാണ്ഡവം യഥാര്‍ത്ഥത്തില്‍ മംഗളകരമായ ഒന്നാണ്. അവിടുത്തെ പാദങ്ങളില്‍ ഞെരിഞ്ഞമരുന്ന അപസ്മാര പുരുഷന് അജ്ഞാനത്തിന്റെ പ്രതീകമാണ്. ഗുരുഭാവത്തില് കാമഹാരിയായി അവിടുന്ന് ശിഷ്യഹൃദയത്തിലെ മലിനവാസനകളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നു. ശിവരാത്രിയില്‍ ശിവനെ ആരാധിക്കുന്നതോടൊപ്പം അവിടുന്ന് നമുക്കു നല്കുന്ന ത്യാഗത്തിന്റെയും ജ്ഞാനത്തിന്റെയും സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങുവാന്കൂടി നമുക്കു സാധിക്കട്ടെ. ഭഗവാന് കാണിച്ചുതന്ന നല്ല മാതൃക ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയട്ടെ. തെറ്റില്‍നിന്ന് ശരിയിലേക്കും അധര്‍മ്മത്തില്‍ നിന്ന് ധര്മ്മത്തിലേയ്ക്കും അജ്ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേയ്ക്കും ഉണരുവാന്‍ ശിവരാത്രി നമുക്കു പ്രചോദനമാകട്ടെ.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: