തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സുരക്ഷാഭടന്മാര്ക്ക് രാഷ്ട്രം ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ കേരളാ പോലീസ് പ്രണയദിനം ആഘോഷമാക്കി.
കശ്മീരിലെ പുല്‍വാമയില്‍ ജിഹാദി ഭീകരവാദികള്‍ സൈനികരെ കൂട്ടക്കൊല ചെയ്ത് ഒരാണ്ട് തികഞ്ഞിട്ടും ഞെട്ടലില്‍നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഇന്നലെ രാജ്യം ഒന്നടങ്കം പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരസൈനികരെ ഓര്‍ത്തപ്പോള്‍ കേരളത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രണയദിനം ആഘോഷിച്ചു. മിഠായികളും റോസാപ്പൂക്കളും നല്‍കിയാണ് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസ് പ്രണയദിനം ആഘോഷമാക്കിയത്.
‘ലവ് യുവര്‍ ലൈഫ്’ എന്ന പേരിലാണ് കേരളാ പോലീസ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍മറ്റ് വയ്ക്കാതെ നിരത്തില്‍ ഇറങ്ങുന്ന ഇരുചക്ര വാഹനയാത്രികര്‍ക്ക് പ്രണയദിന സന്ദേശത്തോടൊപ്പം ബോധവത്ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പരിപാടി സംഘടിപ്പിച്ചത്.
ഹെല്‍മെറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് ഹെല്‍മെറ്റും പൂക്കളും ചോക്ലേറ്റും നല്‍കിയാണ് പോലീസ് പ്രണയദിനം യാത്രക്കാരെ ഓര്‍മ്മിപ്പിച്ചത്. രാവിലെ 11ന് വഴുതക്കാട് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്പിലായിരുന്നു പരിപാടി.
വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ചത്. സൈനികരെ അനുസ്മരിക്കുന്ന ഒരു പരിപാടിയും കേരളാ പോലീസ് സംഘടിപ്പിച്ചില്ല. പ്രണയദിനം മധുരവും റോസാപ്പൂക്കളും നല്കി ആഘോഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: