കൊച്ചി : ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കരുണ സംഗീത നിശ നഷ്ടത്തിലാണ് നടന്നതെന്ന് ധരിപ്പിച്ച് ചോദ്യശരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമവുമായി സംഘാടകര്‍. പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്.
പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ പരിപാടിക്കായി സര്‍ക്കാര്‍ സ്റ്റേജ് ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കുകയും ചെയ്തു. 2019 നവംബര്‍ ഒന്നിന് പരിപാടി കഴിഞ്ഞിട്ടും നാളിതുവരെയും ഒരു രൂപപോലും കെഎംഎഫ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പിരിച്ച പണം എന്തുചെയ്തെന്ന ചോദ്യം ഉയര്‍ന്നത്. വിവരാവകാശം വഴി അധികൃതര്‍ തന്നെയാണ് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് അറിയിച്ചത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്.
എന്നാല്‍ ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാല്‍ വ്യക്തമാക്കി. ഇതിനോട് ആഷിഖ് അബുവും, റിമ കല്ലിങ്കലും പ്രതികരിച്ചിട്ടില്ല.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന സംഗീതനിശയില്‍ പ്രശസ്തരായ എണ്‍പതോളം കലാകാരന്മാര് പങ്കെടുത്തിരുന്നു. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് എല്ലാ കലാകാരന്മാരും കരുണയില്‍ പങ്കടുത്തത്.
എന്നാല്‍ പരിപാടി വേണ്ടവിധം ലാഭമായിരുന്നില്ല എന്നാണ് സംഘാടകര്‍ ഇപ്പോള്‍ പറയുന്നത്. ജിഎസ്ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറുലക്ഷത്തോളം രൂപ ലഭിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടിവന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിലൂടെ ബിജിബാലും, ഷഹബാസ് അമനുമാണ് വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൂടാതെ കരുണയുടെ രക്ഷാധികാരികളില്‍ ഒരാളായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി മാര്‍ച്ച് 31 വരെ സമയം തേടിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎംഎഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: