തിരുവനന്തപുരം: കനത്ത വെയില് സംസ്ഥാനത്തെ പൊള്ളിക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തെ താപനിലയാണ് സംസ്ഥാനത്ത് ഒട്ടാകെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറച്ചു സമയം പുറത്തിറങ്ങി വെയിലേറ്റു വരുമ്പോഴേക്കും വാടിത്തളര്‍ന്നു പോകുന്ന ചൂടാണ് അനുഭവപ്പെടുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വീശിയടിക്കുന്ന ചൂടുകാറ്റാണ് വേനല്‍ എത്തുംമുമ്പ് ഇത്രയും ചൂട് രേഖപ്പെടുത്താന്‍ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. അമിത ചൂടു കാരണം സൂര്യാഘാതം ഏല്‍ക്കാതിരിക്കാനും വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മറ്റ് അസുഖങ്ങളില്‍ നിന്ന് രക്ഷനേടാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനിലമാപിനികളില്‍ ദിനാന്തരീക്ഷ താപനിലകള്‍ വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. വേനല്‍ മഴയെത്താന്‍ ഇനിയും കാത്തിരിക്കണം. മാര്‍ച്ച് പകുതി കഴിഞ്ഞാല്‍ മാത്രമെ വേനല്‍മഴയ്ക്കുള്ള സാധ്യതയുള്ളൂ എന്നും ഫെബ്രുവരി അവസാനം ഒന്നോ രണ്ടോ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
അമിത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപം, സൂര്യാഘാതം, നിര്‍ജലീകരണം ചിക്കന്‍പോക്സ്, മൂത്രാശയ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ധാരാളമായി വെള്ളം കുടിക്കണമെന്ന മുന്നറിയിപ്പ് നല്കി. ചൂടുസമയത്ത് പുറത്ത് നിന്ന് വെള്ളം വാങ്ങി കുടിക്കുന്നവര്‍ ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തുക. ശീതള പാനീയങ്ങള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ തയാറാക്കിയതാണെങ്കില്‍ മാത്രം ഉപയോഗിക്കുക. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. മണിക്കൂറുകള്‍ ഇടവിട്ട് കുട്ടികള്‍ രണ്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. കടുത്ത വെയില് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: