ഋഗ്വേദത്തിലെ ഏറ്റവും ആദ്യത്തെ മന്ത്രങ്ങള്‍ രൂപീകരിച്ചതിനു ശേഷമാണ് അഥര്‍വവേദം ക്രോഡീകരിക്കപ്പെട്ടത് എന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് ദാസ്ഗുപ്തയുടെ അഭിപ്രായം. രോഗശമനം, ദുരിതനിവാരണം, ശത്രുനാശം എന്നിവയ്ക്കായി മന്ത്രപ്രയോഗ(ഹോമം, എലസ്സ്്)ങ്ങളെ ഭാരതീയര്‍ ആശ്രയിക്കാത്ത ഒരു കാലവും മിക്കവാറും ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനു കാരണമായി ദാസ്ഗുപ്ത പറയുന്നത്. ഋഗ്വേദം തന്നെ അത്തരംമാന്ത്രികച്ചടങ്ങുകളുടെ ഒരു പ്രത്യേക തരത്തിലുള്ള വികാസത്തിന്റെ ഫലമാകാനാണ് സാധ്യത. ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെ നിവാരണം ചെയ്യാന്‍ നിത്യേന എന്ന വണ്ണം ഇവയെ ജനങ്ങള്‍ ആശ്രയിച്ചുപോന്നതിനാല് ഇത്തരം ആഥര്വണപ്രയോഗങ്ങള്ക്ക് ജനമനസ്സില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഋഗ്വേദത്തില്‍ പറയുന്ന യാഗങ്ങള്‍ അതീവ വിരളമായ ഈ കാലത്തുപോലും ആഥര്വണപ്രയോഗങ്ങളും അതിന്റെ തുടര്‍ച്ചയായ ആധുനികതാന്ത്രികപ്രയോഗങ്ങളും മിക്കവാറും എല്ലാ വിഭാഗം ഹിന്ദുക്കളുടെ ഇടയിലും സാധാരണമാണെന്നു കാണാം. ആധുനികവിദ്യാഭ്യാസം നേടിയവരും ശാസ്ത്രജ്ഞന്മാരും വൈദേശികമതാചാരവിശ്വാസങ്ങള് പിന്തുടരുന്നവരും ഇവയില്‍ ആകൃഷ്ടരാണെന്നു കാണാം. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്ന ആചാര്യന്മാരുടെ, പുരോഹിതന്മാരുടെ പ്രധാനവരുമാനം രോഗനിവാരണം, കേസു ജയിക്കല്, ദുരിതശമനം, പുരുഷസന്താനലബ്ധി, ശത്രുനാശം തുടങ്ങിയവയ്ക്കുള്ള സ്വസ്ത്യയനം, പ്രായശ്ചിത്തം, ഹോമം, പൂജാ എന്നിവ നടത്തിക്കൊടുക്കുന്നതിലൂടെയാണെന്നും കാണാം. മൂവായിരം, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രപൂതമായ യന്ത്രധാരണവും മറ്റും എത്രമാത്രം സാര്വത്രികമായിരുന്നുവോ അതേ പോലെ ഇന്നു തുടരുന്നു. സര്‍പ്പദംശനം, ശുനകദംശനം മുതലായവയ്ക്കു പോലും ഇത്തരം ജപിച്ചുകെട്ടലും മറ്റും പിന്തുടരുന്ന പ്രവണതയെ ചെറുക്കാന്‍ വൈദ്യന്മാര്ക്കും കഴിയുന്നില്ല. നിഗൂഢങ്ങളായ ചടങ്ങുകള്‍ക്കും യന്ത്രങ്ങള്‍ക്കും മറ്റും അതീന്ദ്രിയശക്തികളുണ്ടെന്ന വിശ്വാസം ഹിന്ദുക്കളുടെ ഒരു പ്രത്യേകതയായി കരുതേണ്ടിയിരിക്കുന്നു. പലപ്പോഴും ഇത്തരം വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയും ആധ്യാത്മികതയായി സാധാരണഹിന്ദുകുടുംബങ്ങളില് തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ട് ഋഗ്വേദമന്ത്രങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുന്നതിനു മുമ്പുതന്നെ ഇത്തരം ആഥര്വണമന്ത്രങ്ങള് പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം. അഥര്‍വവേദം ഇന്നു കാണുന്ന തരത്തില്‍ ആയപ്പൊഴേക്കും അതില്‍ തത്വചിന്താപ്രാധാന്യമുള്ള ചില മന്ത്രങ്ങളും ചേര്‍ക്കപ്പെട്ടു. അവ ഭൂരിഭാഗം മന്ത്രങ്ങളില്‍ നിന്നും ആശയപരമായ വ്യത്യസ്തത പുലര്‍ത്തുന്നതായി കാണാം. ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്നതിനും മറ്റു പല പ്രയോജനങ്ങള്‍ നേടുന്നതിനും അഥര്‍വവേദം രാജാക്കന്മാര്ക്ക് അത്യന്താപേക്ഷിതമായിരുന്നതിനാല്‍ രാജപുരോഹിതന്മാര് ആഥര്വണക്രിയകളില് വൈദഗ്ധ്യം നേടണമായിരുന്നു എന്നു സായണന്‍ പറയുന്നുണ്ട്.
സാധാരണഗൃഹസ്ഥന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ ക്രിയകളുതകുമെന്നതിനാല് ഗൃഹ്യസൂത്രങ്ങള്‍ ഇവയില്‍ പലതിനേയും ഉള്‍ക്കൊണ്ടു. അഥര്‍വവേദത്തിന്റെ ഏറ്റവും പ്രാചീനമായ പേര് അഥര്‍വ ആംഗിരസ്സ് എന്നായിരുന്നു. ഈ പേരില്‍നിന്നും അഥര്വഋഷിയുടേതും അംഗിരസ്സിന്റേയും ആയ രണ്ടു വിഭാഗം മന്ത്രങ്ങള്‍ അതില്‍ അടങ്ങിയിട്ടുള്ളതായി പില്ക്കാലത്തു കരുതപ്പെട്ടു. അഥര്വണന്റെ മന്ത്രങ്ങള്‍ ശാന്തി, പൗഷ്ടിക, ഭേഷജകര്മ്മങ്ങള്ക്കുള്ളതാണെന്നും അംഗിരസ്സിന്റേതായ മന്ത്രങ്ങള്‍ ആഭിചാരം മുതലായ ഘോരകര്മ്മങ്ങള്ക്കുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു.
(തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: