ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ലെന്ന് സുപ്രീംകോടതി. സഹോദരന് വീട്ട് തടങ്കലില്‍ ആണെന്നും അടിയന്തിരമായി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സാറ അബ്ദുഴള്ള പൈലറ്റാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകാടെ എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഹര്‍ജി മാര്‍ച്ച് രണ്ടിന് പരിഗണിക്കുന്നതിനായി മാറ്റി.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് ഒമര്‍ അബ്ദുള്ള വീട്ട് തടങ്കലിലായത്. സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളിയെ തുടര്‍ന്നാണ് വീട്ട് തടങ്കലിലാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സാറയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ പിന്മാറി. കഴിഞ്ഞ ദിവസം വിചാരണയ്ക്കെടുക്കവേയാണ് പിന്മാറിയത്. എന്നാല്‍ കാരണം വ്യക്തമല്ല. തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്.
കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിന്റെ ഭാര്യയാണ് സാറാ പൈലറ്റ്. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് സാറയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: