കെ.കെ. റോഷന്‍കുമാര്‍
കൊച്ചി: ദേശാടനപ്പക്ഷികള്‍ സന്ദര്‍ശിക്കാറുള്ള കൊച്ചിയിലെ കുമ്പളങ്ങിയില്‍ രാജഹംസവും വന്നെത്തി. കുമ്പളങ്ങി- കതൃക്കടവ് റോഡിന് സമീപത്തെ ചതുപ്പിലാണ് നാല് രാജഹംസങ്ങള്‍.
ഏറ്റവും വലിയ ജലപക്ഷിയാണ് രാജഹംസം. യൂറേഷ്യയിലെ തടാകങ്ങളിലും അരുവികളിലും ചതുപ്പുനിലങ്ങളിലും ഇവയെ കാണാം. രാജഹംസങ്ങള്‍ അനാറ്റിഡേ കുടുംബത്തില്‍പ്പെടുന്ന പക്ഷികളാണ്. വിമാനങ്ങള്‍ക്കെന്നപോലെ ഇവയ്ക്കു മാത്രമായി ‘റണ്‍വേ’- ആവശ്യമുള്ള പക്ഷികളാണ് ഇവ. ഇവ മ്യൂട് സ്വാന് അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു.
പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ പരാമര്‍ശിക്കുന്ന ഹംസം ഏറെ വിശേഷതകളുള്ളവയാണ്. വിദ്യാദേവതയായ സരസ്വതിയുടെ വാഹനമായി വിശ്വസിച്ചു പോരുന്നത് ഹംസത്തെയാണ്. അത് തൂവെള്ള തൂവലുള്ള ഹംസം. നളചരിതത്തിലെ നളന്റെ പ്രണയം പറയാന്‍ ദമയന്തിക്കരികില് പോകുന്ന ഹംസവും ഏറെ പ്രശസ്തമാണ്. രാജാ രവിവര്‍മയുടെ ഹംസവും ദമയന്തിയും ചിത്രവും ഏറെ ചര്‍ച്ചയാണ്. പാലും വെള്ളവും ചേര്‍ത്തുവെച്ചാല്‍ അതില്‍ പാല് മാത്രം കുടിക്കാന്‍ കഴിവുള്ളപക്ഷിയെന്ന് ഇവയെക്കുറിച്ച് പരാമര്ശിക്കുന്നെങ്കിലും അത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ഹംസഗാനവും ഹംസഗീതവും സാഹിത്യത്തില്‍ ഏറെ പ്രയോഗിക്കപ്പെടുന്ന വാക്കുകളാണ്. ഹംസധ്വനിയെന്ന രാഗം സംഗീതത്തില്‍ ഏറെ പ്രമുഖമാണ്. വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം ഹംസധ്വനിരാഗത്തിലാണ്. പരമഹംസപദം യോഗി-ആധ്യാത്മിക ജീവിതത്തിന്റെ പരമപദമാണ്.
മഞ്ഞക്കൊക്കും കറുത്ത കണ്ണുകളുമുള്ള മുഴുവന്‍ വെളുത്ത അരയന്നമാണ് വിദേശ രാജ്യങ്ങളിലും കൂടുതല്‍ കാണാറുള്ളത്. പിങ്ക് നിറമുള്ള തൂവലും കൊക്കുമുള്ള അരയന്നം ദക്ഷിണ മേഖലയിലാണുള്ളത്. ഇണപിരിയാതെ കഴിയുന്ന പക്ഷികളാണിവ.
രാജഹംസങ്ങള്‍ക്ക് 125 മുതല്‍ 155 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ചിറക് വിടര്‍ത്തിയാല്‍ 200 മുതല്‍ 240 സെന്റീ മീറ്റര്‍വരെ വിടര്‍ന്നുയരും. രാജഹംസങ്ങളെ കാണാന്‍ നിരവധി ആളുകളാണ് കുമ്പളങ്ങിയിലേക്ക് എത്തുന്നത്.
ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറായ കുമ്പളങ്ങി സ്വദേശി പി.പി. മണികണ്ഠനാണ് ചിത്രം പകര്‍ത്തിയത്. എലൈറ്റ് ബ്രഡ്സിലെ മുന്‍ ജീവനക്കാരനായ മണികണ്ഠന് മണിക്കൂറുകള്‍ കാത്തിരുന്ന് ഏറെ അകലെനിന്ന് ചിത്രം ക്യാമറയിലാക്കുകയായിരുന്നു. പക്ഷികളെ ശല്യപ്പെടുത്താതെ മണിക്കൂറുകള്‍ കാത്തിരുന്നു ചിത്രം കിട്ടാന്‍. ചിലര്‍ പ്രണയ ദിനം ആഘോഷിക്കുന്ന ദിവസം പ്രണയ ചിഹ്നം ഓര്‍മിപ്പിക്കുന്ന തരത്തില്‍ രാജഹംസങ്ങളുടെ കൊക്കുകള്‍ ചേര്‍ന്നു നില്ക്കുന്ന ചിത്രം കിട്ടിയത് മികച്ച അവസരമായി. അപൂര്‍വ ചിത്രം ജന്മഭൂമി പത്രത്തിന്റെ ഒന്നാം പുറത്ത് അച്ചടിച്ചു കാണാന്‍ കഴിഞ്ഞത് അത്രതന്നെ നല്ല കാര്യമായി, മണികണ്ഠന് (9947112340) പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: