കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ പാതയില്‍ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് യൂത്ത് കോണ്‍ഗ്രസ്സിലും ജംബോ കമ്മിറ്റിക്ക് നീക്കം. ഭാരവാഹികളാകാന്‍ നൂറ്റിനാല്‍പ്പത് പേരുടെ പട്ടികയാണ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. ഇതില്‍ 139 പേരും കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ പെര്‍ഫോമന്‍സ് ലിസ്റ്റ് എന്ന പേരില്‍ നല്കിയ സ്വന്തക്കാരുടെ പേരുകളാണ്. കണ്ണൂരില്‍ നിന്നുള്ള ഒരു എന്എസ്യു നേതാവ് മാത്രമാണ് നേരിട്ട് നോമിനേഷന് നല്‍കിയത്. ലിസ്റ്റിലുള്ള അപൂര്‍വം പേരൊഴിച്ച് ആരും സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറല്ല എന്നതാണ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇപ്പോള്‍ തന്നെ പ്രായപരിധി കഴിഞ്ഞിട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് നോട്ടമിട്ട് നില്ക്കുന്ന നിലവിലെ വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പോലും സംഘടനാ തെരഞ്ഞെടുപ്പിന് തയാറല്ല. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തിയുള്ള കമ്മിറ്റി വരാനാണ് സാധ്യത.
ഒരു പ്രസിഡന്റും ആറ് വൈസ്പ്രസിഡന്റുമാരും 15 വീതം ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമുള്പ്പടെയുള്ള കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതില്‍ ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളില്‍ 20 വരെ അംഗങ്ങളുണ്ടാകാം. സംസ്ഥാന അധ്യക്ഷന്റെ സ്ഥാനത്തേക്ക് പത്ത് പേരുടെ ലിസ്റ്റാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഹൈബി ഈഡനും രമ്യാഹരിദാസും താല്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍, ശബരീനാഥ്, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, വിദ്യ ബാലകൃഷ്ണന്, ബാലു കൊല്ലം തുടങ്ങി എട്ടോളം പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിക്കുന്നത്.
മൂന്നുവര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് ഏഴ് വര്‍ഷമായി. നിലവിലെ ഭാരവാഹികളില്‍ പലരും ഇപ്പോള്‍ 35 വയസു കഴിഞ്ഞവരാണ്. ഇതേ നേതാക്കള്‍ തന്നെയാണ് നേരത്തേ തയാറാക്കിയ വോട്ടര്‍ പട്ടികയുടെ ബലത്തില്‍ ഭാരവാഹികളാകാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭാരവാഹികളില്‍ പലരും മധ്യവയസ്കരായാലും അത്ഭുതപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: