ശ്ലോകം 90
സര്വ്വോളപി ബാഹ്യഃ സംസാരഃ പുരുഷസ്യ യദാശ്രയഃ
വിദ്ധി ദേഹമിദം സ്ഥൂലം ഗൃഹവദ്ഗൃഹമേധിനഃ
സ്ഥൂല ശരീരത്തെ ആശ്രയിച്ചാണ് ബാഹ്യലോകവുമായി മനുഷ്യര്‍ ബന്ധപ്പെടുന്നത്. ഗൃഹസ്ഥന് തന്റെ ഗൃഹം പോലെയാണ് ജീവന് സ്ഥൂല ശരീരം.
നമ്മുടെ ശരീരത്തെ വീടിനോട് ഉപമിച്ചിരിക്കുകയാണ്. ഗൃഹസ്ഥന് തന്റെ വീട്ടില്‍ താമസിച്ച് ജോലിക്കും മറ്റ് പല കാര്യങ്ങള്‍ക്കുമായി പുറത്ത് പോയി പിന്നീട് വീട്ടില്‍ തിരിച്ച് വന്ന് വിശ്രമിക്കും. അതുപോലെ ജീവന് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റെയുമൊക്കെ സഹായത്താല്‍ പുറമെയുള്ള വിഷയങ്ങളുമായി ബന്ധപ്പെടുന്നു. ഇവയെ ദേഹവുമായി ചേര്‍ത്ത് സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു.
വിഷയങ്ങളെല്ലാം പുറത്താണെങ്കിലും സുഖദുഃഖങ്ങളുടെ അനുഭവം എപ്പോഴും അകത്ത് തന്നെയാണ്. അനുകൂലമായി വരുമ്പോള്‍ സുഖവും പ്രതികൂലമായി വരുമ്പോള്‍ ദുഃഖവും ഉണ്ടാകും. മനസ്സ് ഒറ്റയ്ക്ക് വെളിയില്‍ പോകുന്നതുവഴിയും ഇന്ദ്രിയങ്ങളുടെ സഹായത്തോടെ വിഷയങ്ങളുമായി ബന്ധപ്പെടുന്നതും സുഖദുഃഖങ്ങള്‍ക്ക് കാരണമാകും. കര്‍തൃത്വ ഭോക്തൃത്വ അഭിമാനിയായ ജീവന് വസിക്കുന്ന ഇടമാണ് ഈ ശരീരം.
പിടിച്ചു വച്ചിരിക്കുന്നത് എന്നാണ് ഗൃഹത്തിന് അര്‍ത്ഥം. ജീവന് ഈ സ്ഥൂല ശരീരത്തിന്റെ പരിമിതയില്‍ കിടന്ന് സര്‍വ്വ സംസാര ബന്ധനങ്ങളിലും അകപ്പെട്ട് ഗൃഹത്തില്‍ ആസക്തനായ ഗൃഹസ്ഥനെപ്പോലെ കഷ്ടപ്പെടുന്നു.
ശ്ലോകം 91
സ്ഥൂലസ്യ സംഭവജരാമരണാനി ധര്‍മ്മാഃ
സ്ഥൗല്യാദയോ ബഹുവിധാഃ ശിശുതാദ്യവസ്ഥാഃ
വര്ണാശ്രമാദി നിയമാഃ ബഹുധാമയാഃ സ്യുഃ
പൂജാവമാനബഹുമാന മുഖാ വിശേഷാഃ
സ്ഥൂല ശരീരത്തിന് ജനനം, ജര, മരണം എന്നീ ധര്‍മ്മങ്ങളും തടിക്കുക, മെലിയുക തുടങ്ങിയ പ്രകൃതങ്ങളും ശൈശവം മുതലായ അവസ്ഥകളും വര്‍ണ്ണാശ്രമങ്ങള്‍ എന്നീ നിയമങ്ങളുമുണ്ട്.പല തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കും.പൂജ, അവ മാനം, ബഹുമാനം എന്നീ വിശേഷങ്ങളും ശരീരത്തിന് ഉണ്ടാകും.
പലതരത്തിലുള്ള ധര്‍മ്മങ്ങള്‍ക്കും അവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കുമൊക്കെ വിധേയമാണ് സ്ഥൂല ശരീരം. അതിലുള്ള ആസക്തി വിടണമെങ്കില്‍ ശരീരത്തിന്റെ നിസ്സാരതയെ അറിയണം. മാറ്റത്തിന്റെ പിടിയില്‍ പെടുക എന്നതാണ് ലോകത്തിലെ എല്ലാ വസ്തുക്കളുടേയും സ്വഭാവം അഥവാ ധര്‍മ്മം.ജനനം, വളര്‍ച്ച, ജര, നര, ക്ഷയം, രോഗം, മരണം എന്നിവയൊക്കെ ശരീര ധര്‍മ്മങ്ങളാണ്. ചിലപ്പോള്‍ ശരീരം തടിയ്ക്കും മറ്റ് ചിലപ്പോള്‍ മെലിയും.ചിലത് വലുതായിരിക്കും. ചിലത് കുറുകിയതാകും. ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാര്‍ദ്ധക്യം എന്നീ അവസ്ഥകളുമുണ്ട്. സാമൂഹ്യ ജീവിതത്തിലെ പരസ്പര ബന്ധങ്ങളും ആചാര നിയമങ്ങളുമെല്ലാം ദേഹത്തെ ആധാരമാക്കിയാണ്.
ബ്രാഹ്മണര്‍, ക്ഷത്രിയര്‍ വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വര്‍ണങ്ങള്‍ ദേഹമുള്ളവര്ക്കാണ് പറയുന്നത്.ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആ ശ്രമങ്ങളും ശരീരത്തെ ആസ്പദമാക്കി തന്നെയാണ്.
സനാതന ധര്‍മ്മമനുസരിച്ചുള്ള ഷോഡശസംസ്കാരം, ഗുരുകുല വാസമുള്‍പ്പടെ ഓരോ ആശ്രമത്തിലും പാലിക്കേണ്ടവയൊക്കെ പലതും ശരീരത്തെ ആധാരമാക്കിയാണ്. ശരീരത്തെ ശുദ്ധമാക്കാനും സംസ്കാര പൂര്‍ണമാക്കാനും ഇവയൊക്കെ സഹായിക്കും.
ഒട്ടേറെ രോഗങ്ങള്‍ ഉണ്ടാകുന്നതും അതുമൂലം ദുഃഖങ്ങളനുഭവിക്കുന്നതും ശരീരം കൊണ്ടാണ്. മറ്റുള്ളവരുടെ ആരാധനയും ആദരിക്കലും അനാദരിക്കലുമൊക്കെ ഏല്‍ക്കുന്നത് ഈ സ്ഥൂല ശരീരത്തിനാണ്.
ഇങ്ങനെ എല്ലാ തരത്തിലും ജഡമാണെങ്കിലും കേമമാണെന്ന് കരുതുന്ന ഈ സ്ഥൂല ശരീരത്തില്‍ ഒരിക്കലും താല്പര്യം വച്ചു പുലര്‍ത്തരുതെന്ന് വ്യക്തമാക്കുന്നു. അതിന് വേണ്ടിയാണ് കഴിഞ്ഞ 5 ശ്ലോകങ്ങളിലായി സ്ഥൂല ശരീരത്തിനെ നിന്ദിച്ചത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: