കോതമംഗലം: ഭൂതത്താന്‍കെട്ട്അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വെള്ളം കെട്ടിച്ചാലില്‍ നിര്‍മ്മിച്ച അനധികൃത ബണ്ട് പൊളിച്ചു നീക്കി. പ്രതിഷേധവുമായെത്തിയ കീരംപാറ, പിണ്ടിമന പഞ്ചായത്തംഗങ്ങളെയും സിപിഎം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ എസ്. സുഹാസ് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിച്ച് നീക്കാന്‍ പെരിയാര്‍വാലി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക അധ്വാനം വഴി തിങ്കളാഴ്ച മണ്ണ് നീക്കിയെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ട് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് മാന്തിയന്ത്രം അടക്കം ഉപയോഗിച്ച് ബുധനാഴ്ച വൈകിട്ടോടെ ബണ്ട് പൊളിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കളക്ടര്‍ക്കൊപ്പമെത്തിയ ഡിഎഫ്ഒയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
പെരിയാര്‍വാലി എ ഇ പി.ജെ.ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടരയോടെ ജീവനക്കാര്‍ മണ്ണ് മാന്തിയന്ത്രവുമായെത്തി ബണ്ട് പൊളിക്കുന്നതിന് നീക്കം തുടങ്ങി. താമസിയാതെ സ്ഥലത്തെത്തിയ സിപിഎം നേതാക്കളായ ബിജു പി. നായര്‍, സാബു വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി ഇ.പി. രഘു, വാര്‍ഡ് മെമ്പര്‍ സിനി യാക്കോബ് തുടങ്ങിയവര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ.വര്‍ഗീസ് നടപടി തുടരാന്‍ നിര്‍ദേശിച്ചു.
കോതമംഗലം സിഐ യൂനസ്, പിറവം സിഐ ലൈജുമോന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെ പൊളിക്കല്‍ ആരംഭിക്കാന്‍ ശ്രമിക്കവെ ജനപ്രതിനിധികളും സിപിഎം നേതാക്കളും മണ്ണ് മാന്തിയന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി വട്ടം കൂടി. കുറച്ച് പേര് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു.
പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.പ്രതിഷേധക്കാരെ പ്രദേശത്തുനിന്നും നീക്കിയതിന് പിന്നാലെ ബണ്ട് പൊളിക്കല്‍ കുറച്ച്സമയം നിര്‍ത്തി. സ്ഥിതിഗതികള്‍ സംഘര്ഷഭരിതമായതിനെത്തുടര്ന്ന്തഹസില്ദാര് കളക്ടറുമായി ബന്ധപ്പെട്ടു. ഇതിനിടെ, സിപിഎം നേതാക്കളും കളക്ടറുമായി ഫോണില്‍ സംസാരിച്ചു. എംഎല്‍എ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിണമെന്നും അതുവരെ പൊളിക്കുന്ന കാര്യത്തില്‍ സാവകാശം വേണമെന്നും പ്രദേശവാസികളും ആവശ്യപ്പെട്ടു. നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നറിയിച്ച് കളക്ടറുടെ നിര്‍ദ്ദേശമെത്തിയതോടെ അഞ്ച് മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിന്റെ മൂന്നടി വീതി മാത്രം നിലനിര്‍ത്തി ബാക്കി ഭാഗം പൊളിച്ച് നീക്കി. നാല് മണിയോടെ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായി.
കാച്ച്മെന്റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്റേഷനുമാണ്. കാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാന്‍ ചെറിയരു ബണ്ട് നിലവിലുണ്ടായിരുന്നു.
വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ടായിരുന്നു ആശ്രയം. എന്നാല്‍, വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. ഇത് മറികടക്കാന്‍ പെരിയാര്‍വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റര്‍ നീളമുള്ള ബണ്ട് അഞ്ച് മീറ്റര്‍ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു. പ്ലാന്റേഷന് വഴി കടന്ന് വരുന്ന വാഹനങ്ങള്‍ക്ക് ബണ്ട് വഴി വനത്തിനുള്ളിലേക്ക് പ്രവേശിക്കാനാകും വിധമായിരുന്നു അനധികൃതബണ്ട് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: