കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ മൂന്നാംകണ്ണുകൊണ്ട് സത്യത്തെ കാണണമെന്ന് എം.ടി. വാസുദേവന്‍ നായര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്ത്തകന് അവനവനോടും സമൂഹത്തോടും കാലത്തോടും തന്നെ നീതി പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനം ഒരു സാധാരണ ജോലിയല്ല. അതിന് സാമൂഹ്യമായ ബാധ്യതയുണ്ട്. കാലത്തിനോടും സമൂഹത്തിനോടും ബാധ്യതയുണ്ട്. പുരാണത്തില്‍ പറയുന്ന ദിവ്യദൃഷ്ടി പോലുള്ള മൂന്നാം കണ്ണുകൊണ്ട് കാണുകയും വായനക്കാരന്റെയോ പ്രേക്ഷകന്റെയോ മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോഴാണ് ജോലി സമര്‍ത്ഥവും സാര്‍ത്ഥകവുമാകുന്നത്. ഇല്ലാത്ത വാര്‍ത്തകൊണ്ട് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കാനാവും. രണ്ടു കുട്ടികള്‍ തമ്മില്‍ ചെറിയ കലഹം ഉണ്ടാകുന്നു പിന്നെ മുതിര്‍ന്നവര്‍ ഇടപെടുന്നു പിന്നെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ലഹളയായി മാറുന്നു. അങ്ങനെയൊന്നും സംഭവിക്കരുത്. പൂര്‍വ്വസൂരികള്‍ അതെല്ലാം എഴുതി വെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാണ്. സത്യം എവിടെയോ ഉണ്ട്. അത് മറഞ്ഞു കിടക്കുകയാണ്. അതു തേടുന്ന യാത്രയാണ് മാധ്യമപ്രവര്‍ത്തനം.
വാര്‍ത്തകള്‍ എഴുതുമ്പോള്‍ നല്ല ഭാഷ ഉപയോഗിക്കണം.’ഭാഷയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. വാര്‍ത്ത ശ്രദ്ധേയമാക്കാനാണെങ്കിലും വികൃതമായ തലക്കെട്ടുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങള്‍ കാണാറില്ല. ആ സമയം വല്ലതും വായിക്കും. ചാനലുകളില്‍ ഇന്റര്‍വ്യൂകളൊക്കെ കാണുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്യാനായി മണ്ടന്മാര് എന്തിനാണ് അവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും. തങ്ങളോടുള്ള ചോദ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അവര്‍. സബ് ഇന്‍സ്പെക്ടറുടെ റാങ്കിലുള്ള പോലീസുകാരന് കുറ്റവാളിയോട് ചോദിക്കുന്നതു പോലെയാണ് ദൃശ്യമാധ്യമങ്ങളില്‍ അഭിമുഖം നടത്തുന്നത്. അത് സഹിച്ചിരിക്കാന്‍ പറ്റില്ല. മിതവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ മറഞ്ഞിരിക്കുന്നതോ മറച്ചുവച്ചിരിക്കുന്നതോ ആയ സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് അഭിമുഖം നടത്തുന്നയാള്‍ ശ്രദ്ധിക്കേണ്ടതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയ സി. ദില്‍ന, രോഷ്നി രാജന്, സി.ജി. അരുണ്യ എന്നിവര്‍ക്ക് എംടി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന് അധ്യക്ഷനായി. മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഐസിജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്, പി.എസ്. രാകേഷ്, ഇ.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: