ഹൈദരാബാദ്: കൊറോണ ബാധിച്ചെന്ന് ഭയന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. അമ്പത് വയസ്സുള്ള കെ. ബാലകൃഷ്ണയാണ് കുടുംബാംഗങ്ങളെ വീടിനു പുറത്തു നിന്ന് പൂട്ടി അമ്മയുടെ കുഴിമാടത്തിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.
ബാലകൃഷണയ്ക്ക് വൈറല്‍ പനി മാത്രമാണുണ്ടായിരുന്നതെന്നും കൊറോണയുടെ ലക്ഷണങ്ങളില്ലായിരുന്നെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് ഫോണിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ കണ്ടിരുന്നു. തുടര്‍ന്ന്, തനിക്കും കൊറോണയാണെന്ന് ബാലകൃഷ്ണ ഭയപ്പെടാന്‍ തുടങ്ങിയെന്നും മറ്റ് കുടുംബാംഗങ്ങളെ തന്നില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
പനിയും ജലദോഷവുമുണ്ടായതിനെത്തുടര്ന്ന് ഫെബ്രുവരി അഞ്ചിന് ഇയാള്‍ തിരുമല എസ്വിആര്‍ആര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈറല്‍ പനിയാണെന്നും മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍ മാസ്ക് ധരിക്കണമെന്നും ഡോക്ടര്‍മാര്‍ ഇയാളോട്
നിര്‍ദേശിച്ചിരുന്നു. കുറച്ച് ദിവസം തിരുപ്പതിയില്‍ തങ്ങി ഞായറാഴ്ച വീട്ടിലെത്തിയതു മുതല്‍ ഇദ്ദേഹം അസ്വാഭാവികമായാണ് പെരുമാറിയതെന്ന് മകന് ബാലമുരളി പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെന്ന് അച്ഛനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹം അക്രമാസക്തനായി. തുടര്‍ന്ന് സര്‍ക്കാരിന്റെ ഹെല്പ്പ്ലൈനില് വിളിച്ച് സഹായമഭ്യര്‍ഥിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും മകന് പറഞ്ഞു. അതേസമയം, ആന്ധ്രയില്‍ ഇതുവരെ ആര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: