ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണ്. പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ തുടക്കമിട്ടുകൊണ്ടിരിക്കുന്നതെന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെറും 8 മാസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ ഇതിനോടകം തന്നെ തീരുമാനങ്ങളില്‍ സെഞ്ച്വറി നേടിക്കഴിഞ്ഞു. തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് ഇന്ത്യയെ ക്രിക്കറ്റിനോട് ഉപമിച്ച് അദ്ദേഹം വ്യക്തമാക്കി. ഫ്രണ്ട് ഫൂട്ടില്‍ ഊന്നി കളിക്കാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. പരമ്പരയില്‍ മുഴുവന്‍ മികച്ച പ്രകടനം പുറത്തെടുക്കുക, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, അത് ഇന്ത്യയുടെ പരമ്പരയാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യമെന്നും മോദി അറിയിച്ചു.
രാജ്യത്തിന്റെ വികസനത്തിനായി, നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ അത് അടച്ചുതീര്‍ക്കണം. ചിലര്‍ എപ്പോഴും നികുതിവെട്ടിക്കാന്‍ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ബാധ്യത മുഴുവന്‍ സത്യസന്ധമായി നികുതിയടയ്ക്കുന്നവരുടെ തലയിലാവുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമവിധേയമാക്കി. മധ്യവര്‍ഗത്തിനായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയും ചിട്ടികള്‍ നിയന്ത്രിക്കുന്നതിനെതിരെയും നിയമം കൊണ്ടുവന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. മുത്തലാഖ് നിരോധിച്ചു. കോര്‍പ്പറേറ്റ് നികുതി കുറച്ചു. യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നു. രാമ ക്ഷേത്രത്തില്‍ വിശ്വാസം സൃഷ്ടിച്ചു. പൗരത്വ നിയമം ഭേദഗതി ചെയ്തു തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ഒരുകോടി വാര്‍ഷികവരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവര്‍ രാജ്യത്ത് 2200 പേര് മാത്രമാണുള്ളതെന്ന് മോദി വെളിപ്പെടുത്തി. അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കേന്ദ്രബജറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: