വിടവാങ്ങിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് പരമേശ്വര്‍ജിയെ സ്മരിച്ച് ചലചിത്ര ഗാന രചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച കര്‍മ്മയോഗിയാണ് പരമേശ്വര്‍ജി എന്നും മുഖ്യമന്ത്രിപോലും അതിനാലാണ് അദ്ദേഹത്തെ പുകഴ്ത്തിയത് എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളം കണ്ട മഹാപണ്ഡിതന്മാരില് പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന അപൂര്‍വ പ്രതിഭാശാലിയാണ് പരമേശ്വര്‍ജി. രാഷ്ടീയ എതിര്‍പ്പുകള്‍ ഉളളവര്‍പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ പ്രശംസിച്ചിരുന്നു. വയലാറും പരമേശ്വര്‍ജിയും സമകാലീനര്‍ ആയിരുന്നു എന്ന് സ്മരിച്ച ശ്രീകുമാരന്‍ തമ്പി തന്റെ വരികളെ അദ്ദേഹം അഭിനന്ദിച്ചത് ഓര്‍ത്തെടുത്തു.
ഫേസ്ബുക്ക് പോസ്റ്റ്
കേരളം കണ്ട മഹാപണ്ഡിതന്മാരില് പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന അപൂര്‍വ പ്രതിഭാശാലിയാണ് നമ്മെ വിട്ടുപിരിഞ്ഞ പി. പരമേശ്വരന്. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കുന്നവരും ആ പാണ്ഡിത്യത്തെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. സ്വന്തമായ നിലപാടുകള്‍ ഉള്ളപ്പോഴും മറ്റുള്ളവരുടെ നിലപാടുകളെ അദ്ദേഹം നിന്ദിച്ചിട്ടില്ല.. സത്വഗുണങ്ങളുടെ ഉടമയായ അദ്ദേഹം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കു വരേണ്ടതെങ്ങനെയാണെന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു.
അദ്ദേഹം അധികാരമോഹിയായിരുന്നില്ല. ജാതിവ്യവസ്ഥയ്ക്കും അദ്ദേഹം എതിരായിരുന്നു.വിവേകാനന്ദ ദര്‍ശനവും വിവേകാനന്ദ സാഹിത്യവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. എന്നും എവിടെയും അദ്ദേഹം ഒരു മിതവാദിയായിരുന്നു. താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ കര്‍മ്മയോഗിയെ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും പുകഴ്ത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വയലാര്‍ രാമവര്‍മ്മയും പി.പരമേശ്വരനും ഒരേ കാലഘട്ടത്തില്‍ കവിതയെഴുതി തുടങ്ങിയവരാണ്.പില്ക്കാലത്ത് രാഷ്ട്രീയത്തില്‍ മുഴുകിയപ്പോള്‍ അദ്ദേഹം കാവ്യരചന കുറച്ചു. എന്റെ കവിതകളും പാട്ടുകളും അദ്ദേഹത്തിന്ഇഷ്ടമായിരുന്നു. എന്റെ ചില വരികളെ അപഗ്രഥിച്ച് അദ്ദേഹം എന്നെ അഭിനന്ദിച്ചിട്ടുള്ളത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ശ്രീകുമാരന്‍ തമ്പി നൈറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസം ഞാന്‍ ദോഹയിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അന്ത്യാഭിവാദനം അര്‍പ്പിക്കാന്‍ എനിക്ക് സാധിച്ചില്ല. ആ മഹാമനീഷിയുടെ സ്മരണയ്ക്കു മുമ്പില്‍ എന്റെ സാഷ്ടാംഗ നമസ്കാരം..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: