മുഹമ്മ(ആലപ്പുഴ): ദേശീയതയുടെ കാവലാളായിരുന്ന പി. പരമേശ്വരന് വികാര നിര്‍ഭരമായ യാത്രാമൊഴി. തിരുവനന്തപുരത്ത് നിന്നും മുഹമ്മയിലെ തറവാട്ട് വീടായ താമരശേരി ഇല്ലത്ത് വൈകിട്ട് മൂന്നു മണിയോടെ എത്തിച്ച മൃതദേഹത്തില്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പട്ട് പുതപ്പിച്ചു. തുടര്‍ന്ന് വിവിധ സന്ന്യാസി മഠങ്ങളില്‍ നിന്നെത്തിയ സ്വാമി തുരിയാമൃതാനന്ദ പുരി, വേദാമൃതചൈതന്യ, അക്ഷയാമൃത ചൈതന്യ, ഗുരുപ്രസാദ് ചൈതന്യ, നിര്‍വൃണാമൃത ചൈതന്യ, ഭവ്യാമൃത ചൈതന്യ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരം ചാര്‍ത്തി. ഇതിനുശേഷമാണ് ജന്മനാട് അന്തിമോപചാരം അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പരമേശ്വര്‍ജിക്ക് കൂപ്പുകൈകളോടെയാണ് പ്രണാമം നല്‍കിയത്.
പരമേശ്വര്‍ജിക്കൊപ്പം സംഘപ്രസ്ഥാനങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരെല്ലാം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാതുറകളില്‍ നിന്നും ഒഴുകി എത്തിയിരുന്നു. നാമസങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ഇവർ പരമേശ്വർജിക്ക് അന്ത്യയാത്ര നല്‍കിയത്. വീട്ടിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീടിന്റെ തെക്കുഭാഗത്തേക്ക് എത്തിച്ചു. ഇതിനുശേഷം പോലീസ് ഔദ്യോഗിക ബഹുമതികള്‍ നല്‍കി. തുടര്‍ന്ന് പരമേശ്വര്‍ജിയുടെ സഹോദരന്‍ വാസുദേവന്റെ ചെറുമകന്‍ പ്രതീഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു.
പരമേശ്വര്‍ജിയുടെ സന്തത സഹചാരിയായിരുന്ന സുരേന്ദ്രനും സംസ്‌കാര കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. സംസ്‌കാര ചടങ്ങുകളില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍, കുമ്മനം രാജശേഖരന്‍, വി.കെ. വിശ്വനാഥന്‍, എസ്.ജെ.ആര്‍. കുമാര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പി.കെ. കൃഷ്ണദാസ്, അരവിന്ദ് മേനോന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, ജി. രാമന്‍ നായര്‍, എ.എന്‍. രാധാകൃഷ്ണന്‍, എ.ആര്‍. മോഹനന്‍, കെ.വേണു, കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍.മധു, പി.ആര്‍. ശശിധരന്‍, കെ.ജി. വേണുഗോപാല്‍, രേണു സുരേഷ്, പി.എസ്. നായര്‍, അഡ്വ. ജയസൂര്യന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, കാ.ഭാ. സുരേന്ദ്രന്‍, സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ താമരശേരി ഇല്ലത്ത് എത്തിയിരുന്നു.
അമൃതാനന്ദമയി മഠത്തില്‍ നിന്നെത്തിയ ഇരുപത്തഞ്ചോളം ബ്രഹ്മചാരികളും ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: