ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരത്തിനിടെ കൈക്കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സമരത്തിനായി നാലു മാസം പ്രായമുള്ള മുഹമ്മദ് ജഹാനെ കൊണ്ടുവന്ന സംഭവത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ദല്‍ഹിയിലെ കൊടും തണുപ്പില്‍ രാപ്പകല്‍ ഭേദമില്ലാതെ കഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ശ്വാസം മുട്ടലും ശാരീരിക അസ്വസ്ഥതകളും മൂലമാണ് കുഞ്ഞിന് മരണം സംഭവിച്ചത്.
അതിനിടെ സമരങ്ങളിലും പ്രതിഷേധങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്നപേക്ഷിച്ച് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു. ഈ വര്‍ഷത്തെ ധീരതയ്‌ക്കുള്ള അവാര്‍ഡ് നേടിയ സെന്‍ ഗുണരത്തന്‍ എന്ന കുട്ടിയാണ് കത്ത് നല്‍കിയത്.
സമരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ പരിപാടികളിലെത്തുമ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
















