കണ്ണൂർ: പൗരത്വ ഭേദഗതി വിഷയത്തില്‍ മുസ്ലിംപള്ളികളില്‍ നുണപ്രചരണം നടത്തുന്നത് നിര്‍ത്തണമെന്ന് പ്രശസ്ത സിനിമാ സംവിധായകനും പ്രഭാഷകനുമായ അലി അക്ബര്‍. പൗരത്വ ഭേദഗതി വിഷയത്തില്‍ മട്ടന്നൂരില്‍ ചതുര്‍ദിന ജന ജാഗ്രതാ സമ്മേളന പരമ്പരയുടെ രണ്ടാം ദിവസം ബിഎംഎസ് മട്ടന്നൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വ ഭേദഗതി നിയമവും വോട്ട്‌ബേങ്ക് രാഷ്‌ട്രീയവും എന്ന വിഷയത്തെ അധികരിച്ച് മട്ടന്നൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎ ബില്ല് കാരണം രാജ്യത്തിലുള്ള ശത്രുക്കളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. മുത്തലാഖ് നിരോധന നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ ജിഹാദികള്‍ വിചാരിച്ചത് രാജ്യത്ത് കലാപമുണ്ടാക്കാമെന്നാണ്. പക്ഷെ മുസ്ലീംങ്ങള്‍ ഏറ്റവും കൂടുതലുള്ള ഉത്തര്‍പ്രദേശിലടക്കം രാജ്യത്തെമ്പാടും മുസ്ലീം സ്ത്രീകള്‍ തെരുവിലിറങ്ങി നരേന്ദ്ര മോദിക്ക് ജയ് വിളിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ക്കായി മോദിജി നിരവധി പദ്ധതികളാണ് കൊണ്ടുവന്നത്. പൗരത്വഭേദഗതി വിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കാനാണ് കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ശ്രമിക്കുന്നത്. തലശ്ശേരി കലാപം സിപിഎമ്മിന്റെ സൃഷ്ടിയാണെ കാര്യം കേരള ജനത മറന്നിട്ടില്ല.
1921ല്‍ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ഖിലാഫത്ത് പ്രസ്ഥാനമാണ് പിന്നീട് മുസ്ലീം ലീഗായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യയില്‍ നിന്നും മൂസ്ലീങ്ങളെ ആട്ടിയോടിച്ചത് ഇന്ത്യാ വിഭജനത്തിലൂടെ കോണ്‍ഗ്രസ്സാണ്. മുസ്ലീം ലീഗ് കൊണ്ടുവന്ന വിഭജന പ്രമേയം കോണ്‍ഗ്രസ്സ് അംഗീകരിക്കുകയായിരുന്നു. മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കിയാലും രാജ്യത്തെ വെട്ടിമുറിക്കരുതെന്ന നിലപാടാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സ് ആ നിലപാട് തള്ളി പാക്കിസ്ഥാന്‍ എന്ന ഭീകര രാജ്യത്തെ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. വിഭജനകാലത്ത് പാക്കിസ്ഥാനില്‍ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ പിന്നീട് ഒന്നര ശതമാനമായപ്പോള്‍ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ മൂന്നിരട്ടിയായി വര്‍ദ്ധിക്കുകയാണുണ്ടായത്.
ആദ്യം രാഷ്‌ട്രം പിന്നീട് മതം എന്ന കാഴ്ചപ്പാടാണ് വേണ്ടത്. രാജ്യത്തെ നല്ല രീതിയില്‍ നയിക്കാന്‍ പ്രാപ്തിയുള്ള ഒരുപാട് നേതാക്കളുള്ള പ്രസ്ഥാനമാണ് ബിജെപിയെന്നും അവര്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അലി അക്ബര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന് എവിടെയാണുള്ളതെന്ന് തെളിയിക്കാന്‍ കമ്യൂണിസ്റ്റ് ജിഹാദി കോണ്‍ഗ്രസ്സുകാരെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ മുന്‍ പ്രസിഡണ്ട് അഡ്വ. എസ്. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. വി.വി. മനോഹരന്‍ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: